കോട്ടയം: കറുകച്ചാലിലെ അനാഥാലയത്തിൽനിന്ന് ഇന്നലെ രാത്രി കാണാതായ നാല് പെണ്‍കുട്ടികളെ ഇന്നു രാവിലെ കണ്ടെത്തി. പോലീസ് രാത്രി മുതൽ നടത്തിയ അവസരോചിതമായ അന്വേഷണത്തിനൊടുവിലാണു ഇന്നു രാവിലെ ഏറ്റുമാനൂരിൽനിന്നും പെണ്‍കുട്ടികളെ കണ്ടെത്താൻ സാധിച്ചത്.
കറുകച്ചാൽ നെത്തല്ലൂർ ഏകാന്മതാ കേന്ദ്രത്തിന്റെ കീഴിലുള്ള ജ്യോതിർമയി ബാലികാ സദനത്തിൽനിന്നാണു പെണ്‍കുട്ടികളെ കാണാതായത്. ഇന്നലെ രാത്രി മുതലാണു പെണ്‍കുട്ടികളെ സ്ഥാപനത്തിൽനിന്നും കാണാതാകുന്നത്.
14 വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെയും 13 വയസുള്ള ഒരു പെണ്കുട്ടിയേയുമാണു കാണാതായത്. ഇന്നലെ രാത്രി 8.30നു ഭക്ഷണം കഴിച്ചശേഷമാണു സ്ഥാപനത്തിൽ മുങ്ങിയത്.
17 കുട്ടികളാണു സ്ഥാപനത്തിലുള്ളത്. രാത്രി മുഴുവൻ പോലീസ് നടത്തിയ പരിശോധനയ്ക്കുശേഷം ഇന്നു രാവിലെ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കുട്ടികളെ കണ്ടെത്തുന്നത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജവഹർ കോളനി, മൂശാരിമലയിൽനിന്നുമാണു കണ്ടെത്തിയത്. രണ്ടു കുട്ടികൾ വീതം രണ്ടു സ്ഥലത്താണു ഇന്നലെ രാത്രിയിൽ ഇവർ എത്തിയത്.
ക്രിസ്മസ് ആഘോഷം കഴിഞ്ഞ് എത്തിയതാണെന്നു അകന്നബന്ധുക്കളെ ധരിപ്പിച്ചാണു വീട്ടിലെത്തിയത്. കറുകച്ചാലിൽനിന്നും നടന്നുവന്ന ഇവർക്ക് ഇടയ്ക്കു ഓട്ടോറിക്ഷക്കാരന്റെ സഹായവും ലഭിച്ചു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണു നെത്തല്ലൂർ ബാലികാസദനം. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനാണ്.
ഇവരുടെ അംഗീകാരത്തോടെയാണു കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചതും.കറുകച്ചാൽ എൻഎസ്എസ് സകൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ.
കറുകച്ചാൽ സിഐ കെ.എൽ. സജിമോൻ, എസ്ഐ ഷാജൻ, സിപിഒ സന്തോഷ് കുമാർ, രതീഷ്, ഡബ്ല്യുസിപിഒ ഓമന, ഹോം ഗാർഡ് സുനിൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി കണ്ടെത്തിയത്.