പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയിലെ മൂന്ന് തിരോധാനക്കേസുകളില്‍ പ്രത്യേക അന്വേഷണം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുള്ള മൂന്ന് പരാതികളിലാണ് ആറന്മുളയില് തീര്‍പ്പാകാനുള്ളത്.
ഇതില്‍ 2017 ജൂലൈ 11നു തെക്കേമലയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന ജോണ്‍സന്റെ തിരോധാനവും ഉള്‍പ്പെടുന്നു.
തമിഴ്നാട് വരെയെത്തി പോലീസ് അന്വേഷിച്ചതാണ്. ഒരു വിവരവും ലഭിക്കാതെ വന്നതോടെ ഏതാനും വര്‍ഷമായി ഫയലില്‍ തൊട്ടിട്ടുണ്ടായിരുന്നില്ല.
2018 നവംബര്‍ മൂന്നിന് മേലുകര കിഴക്കേപറോലില് സരസമ്മ (68)യെ കാണാതായ കേസിലും തുന്പ് ലഭിച്ചിട്ടില്ല. മരുമകളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഒരു മാസത്തിനുശേഷം ഇടനാട് ക്ഷേത്രക്കടവില്‍ ലഭിച്ച ഒരു മൃതദേഹം സരസമ്മയുടേതെന്നു സംശയിച്ച് അന്വേഷണം നടന്നെങ്കിലും തിരിച്ചറിയാന്‍ ആയിരുന്നില്ല.
ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ആറന്മുള കളരിക്കോട് വട്ടക്കോടിയില് രാജമ്മ (60)യെ കാണാതായ സംഭവത്തില്‍ സഹോദരന്റെ പരാതിയാണ് സ്റ്റേഷനിലുള്ളത്. 2018ല്‍ ലഭിച്ച പരാതിയാണിത്.
2014 സെപ്റ്റംബര്‍ 14നു ഇലന്തൂര്‍ നെല്ലിക്കാല പതാലില്‍ കോളനിയില്‍ സരോജിനി (59) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വീട്ടില്‍നിന്നു കാണാതായ സരോജിനിയുടെ മൃതദേഹം പിറ്റേന്നു പൈവഴിയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. 46 വെട്ടേറ്റ മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.