മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് കസ്റ്റഡിയിലെടുത്ത് പോലീസ്. മുംബൈയിൽ നിന്ന് മടങ്ങിയ യുവാവിനെ തിരൂരിൽ നിന്നാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം പൂനെയിൽ നിന്ന് പോലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകും.
ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്.
മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.