ആലക്കോട്: വാക്സിൻ എടുക്കാൻ പോയ പെൺകുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ആലക്കോട് സ്വദേശിനികളായ 14 ഉം 16 ഉം വയസുള്ള പെൺകുട്ടികളാണ് ഉച്ചകഴിഞ്ഞ് വാക്സിൻ എടുക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
ഇതിനിടയിൽ ഒരു ബന്ധുവിന്റെ ബൈക്കിൽ ഇവർ കയറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെൺകുട്ടികൾ ബൈക്കിൽ കയറുന്നത് മറ്റൊരു ബന്ധു കാണുകയും ഇത് കുട്ടികളുടെ അമ്മയോട് വിളിച്ചു പറയുകയും ചെയ്തു.
അമ്മ ഉടൻ തന്നെ മകളെ വിളിക്കുകയും ശകാരിക്കുകയും ചെയ്തു. ഇതോടെ, പെൺകുട്ടികൾ അമ്മയുടെ ദേഷ്യം മാറുന്നതുവരെ മാറി നിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഉടൻ തന്നെ കിട്ടിയ ബസിൽ കയറി യാത്രയാവുകയും ചെയ്തു. വാക്സിൻ എടുക്കാൻ പോയ കുട്ടികൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാൽ വീട്ടുകാരും പരിഭ്രാന്തിയിലായി.
ഫോൺ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ഉടൻ, ആലക്കോട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈലിന്റെ ലൊക്കേഷൻ കോഴിക്കോട് ഭാഗത്താണെന്ന് പോലീസ് കണ്ടെത്തി.
രാത്രിയോടെ പെൺകുട്ടികളെ കോഴിക്കോട് വച്ച് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.