കോട്ടയം: രണ്ടു പെണ്‍കുട്ടികൾ അടക്കം നാലുപേരെ ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി കാണാതായെന്നു പരാതി. വെള്ളൂർ സ്വദേശിനിയായ പത്തൊൻപതുകാരിയെ കാണാതായതിന് വെള്ളൂർ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഒൻപതിന് വീട്ടിൽ നിന്ന് പുറത്തു പോയതാണ്. പിന്നീട് മടങ്ങി വന്നില്ല.
കുമ്മണ്ണൂർ സ്വദേശിനിയായ പതിനെട്ടുകാരിയെ ഇന്നലെ രാവിലെ മുതൽ കാണാതായി എന്നാണ് വീട്ടുകാരുടെ പരാതി. കിടങ്ങൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അകലക്കുന്നം സ്വദേശിയായ 54കാരനെ കാണാതായി എന്നു ബന്ധുക്കൾ പള്ളിക്കത്തോട് പോലീസിൽ പരാതി നല്കി. 24 മുതലാണ് കാണാതായത്.
ചിറക്കടവ് സ്വദേശിയായ 49കാരനെ 24 മുതൽ കാണാതായി എന്നാണ് പൊൻകുന്നം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. സ്വകാര്യ ബസിൽ കയറി പോകുന്നതു കണ്ടവരുണ്ടെന്നും തിരികെ വീട്ടിലെത്തിയില്ലെന്നുമുള്ള പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഒരാഴ്ചയിൽ ശരാശരി 30 പേരെയെങ്കിലും കാണാതായി എന്ന പരാതി പോലീസ് സ്റ്റേഷനുകളിൽ ലഭിക്കാറുണ്ട്. കാണാതാവുന്നതിൽ അധികവും പെണ്‍കുട്ടികളാണ്.