തൃശൂർ: സ്കൂൾ വിദ്യാർഥിനികളടക്കമുള്ള പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം തൃശൂരിൽ വർധിച്ചുവരുന്നത് പോലീസിന് തലവേദനയാകുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്ന ആണ്‍കുട്ടികളുമായി യാതൊരു ഭയവും കൂടാതെ പെണ്‍കുട്ടികൾ കറങ്ങാൻ പോകുന്നത് വർധിച്ചിരിക്കയാണിപ്പോൾ. തൃശൂർ ജില്ലയിലെ ഒട്ടു മിക്ക പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിൽ പരാതികൾ ദിനം പ്രതിയെന്നോണം കിട്ടുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. കാണാതായ പെണ്‍കുട്ടികൾ അടുത്ത ദിവസം തന്നെ മടങ്ങിവരുന്നതും പതിവാണ്.
സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കു പുറമേ കുട്ടികളുള്ള മധ്യവയസ്കരായ വീട്ടമ്മമാർ വരെ ഇത്തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പരിചയപ്പെട്ടവരുമായി നാടുവിടുന്നതും കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ എട്ടു പെണ്‍കുട്ടികളിൽ ഒരു വീട്ടമ്മയും ഉൾപ്പെട്ടിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടമ്മയെയും പിടികൂടിയത്. തീരെ പ്രായം കുറഞ്ഞ കുട്ടികളുമായാണ് ഇത്തരക്കാർ സ്ഥലം വിട്ടതെന്ന് പോലീസ് പറഞ്ഞു.
പലരും നേരിട്ട് കാണാതെയാണ് ഇത്തരം ബന്ധങ്ങൾ ദൃഢമാക്കുന്നത്. ഒടുവിൽ നേരിട്ട് എത്തുന്പോഴാണ് പലർക്കും അബദ്ധം പിണഞ്ഞതായി മനസിലാക്കുന്നത്. എന്നാലും പിന്തിരിയാൻ മാർഗമില്ലാത്ത അവസ്ഥയിൽ ചതിയിൽ പെടുന്നവരും അനവധിയാണ്. ഇത്തരം പരാതികളിൽ പെണ്‍കുട്ടികളുടെ ഭാവിയെ ഓർത്ത് കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാതെ ഒത്തുതീർക്കുകയാണ് ചെയ്യുന്നത്.
പക്ഷേ ഇത്തരം ചതികൾ മനസിലാക്കാതെ നിരവധി പെണ്‍കുട്ടികളാണ് ദിനംപ്രതി കാണാതാകുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കൂട്ടത്തോടെ കാണാതാകുന്ന സംഭവത്തിന് പോലീസിന് ഇപ്പോൾ പുതുമയില്ലാതായി. പെണ്‍കുട്ടികൾ ക്ലാസിൽ കയറാതെ ആണ്‍കുട്ടികളുമായി കറങ്ങാൻ പോയി എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടിൽ അടുത്ത ദിവസം മടങ്ങിയെത്തുന്നത് പതിവായി മാറി.
നേരത്തെ പെണ്‍കുട്ടികൾ ക്ലാസ് കട്ട് ചെയ്ത് പാർക്കിലും കാഴ്ചബംഗ്ളാവിലുമൊക്കെ കറങ്ങുന്നത് കണ്ടെത്താൻ പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. ഇത്തരക്കാരെ പിടിച്ചുകൊണ്ടുവന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് അവരെ മടക്കി വിടുകയായിരുന്നു പതിവ്, തൃശൂർ നഗരത്തിലെ പോലീസാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ കോടതി വിധികളും മറ്റു സാഹചര്യങ്ങളും വന്നതോടെ പ്രായപൂർത്തിയായവരുടെ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന നിലപാടെത്തിയതോടെയാണ് പോലീസും പിൻവാങ്ങിയത്.
അതോടെ പ്രായപൂർത്തിയാകാത്ത സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികളടക്കമുള്ളവർക്ക് യഥേഷ്ടം ക്ലാസിൽ കയറാതെ ആണ്‍കുട്ടികളുമായി കറങ്ങാനുള്ള ലൈസൻസായിരിക്കയാണെന്ന് പോലീസ് പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സംഘമായി ആണ്‍കുട്ടികളോടൊപ്പം പോയി വൈകീട്ടോടെ മടങ്ങിയെത്തുന്ന രീതിയാണിപ്പോൾ ഉള്ളത്. പല കുട്ടികളും സ്കൂൾ യൂണിഫോമുകളിൽ തന്നെയാണ് കറങ്ങാൻ എത്തുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കാൻ പോലീസിന് നിയമപരമായ സ്വാതന്ത്ര്യം കിട്ടിയാലേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കൂവെന്ന് പറയുന്നു.