വൈപ്പിൻ: കഴിഞ്ഞ ആഴ്ച വൈപ്പിൻ കരയിൽ നിന്നും കാണാതായ രണ്ട് പതിനാറുകാരികളെ മധുരയിലെ ഏർവാടിയിൽനിന്നും പോലീസ് പിടികൂടി ഞാറക്കൽ പോലീസിനു കൈമാറി. ഇരുവരെയും കാസർഗോഡും കണ്ണൂരും ഉള്ള രണ്ട് യുവാക്കൾ വശീകരിച്ച് കടത്തിക്കൊണ്ട് പോയതാണെന്ന് പോലീസ് പറഞ്ഞു. ബാലികമാർക്കൊപ്പം ഉണ്ടായിരുന്ന ഈ യുവാക്കളെയും പോലീസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് എംജി റോഡ് രവിപുരം ഭാഗത്തുള്ള പ്രശസ്ത വ്യാപാര സമുച്ചയത്തിലെ ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്ന കാസർഗോഡ് ചെറുവത്തൂർ കണ്ടത്തിൽ സുഹൈൽ (19), കണ്ണൂർ പേരാവൂർ തൊണ്ടിയിൽ ചിറയത്ത് ബിബിൻ ലാൽ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ബാലികമാരെ വശീകരിച്ചു കടത്തിക്കൊണ്ടു പോയതാണ് ഇവർക്കെതിരെയുള്ള കുറ്റം. അതേ സമയം പീഡനം നടന്നട്ടില്ലെന്ന് വൈദ്യപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എടവനക്കാട് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ് ബാലികമാർ. ഒരാൾ ഞാറക്കൽ പെരുന്പിള്ളി സ്വദേശിനിയും മറ്റെയാൾ എടവനക്കാട് സ്വദേശിനിയുമാണ്. വീടുകളിൽ ഇൻസ്റ്റാൾമെന്റിൽ സാധനങ്ങളുടെ ഓർഡർ പിടിക്കുന്നതായിരുന്നു ഇവരുടെയും ജോലി. ഓർഡർ കുറഞ്ഞുപോയതിനാൽ ഇരുവരെയും കഴിഞ്ഞ ആഴ്ച ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പിറ്റേന്നാണ് ഇരുവരെയും കാണാതായത്.
ഞാറക്കൽ പോലീസിനു ലഭിച്ച പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ബാലികമാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് മധുര ഏർവാടി പോലീസ് ഞാറക്കൽ പോലീസുമായി ബന്ധപ്പെടുന്നത്. ബാലികമാരും രണ്ട് യുവാക്കളും അവിടെ കസ്റ്റഡിയിലുണ്ടെന്ന വിവരമാണ് ഏർവാടി പോലീസ് അറിയിച്ചത്. തുടർന്ന് ഞാറക്കൽ പോലീസ് മധുരയിലെത്തി നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാണാതായ ദിവസം ബാലികമാർ എറണാകുളത്തെത്തി നേരത്തെ പരിചയമുണ്ടായിരുന്ന യുവാക്കളുമായി ലുലുമാളിൽ കറങ്ങി നടന്നു. ഇതിനു ശേഷം ഒന്നാം പ്രതി സുഹൈലിന്റെ കാസർഗോഡുള്ള വീട്ടിലും അവിടെ നിന്ന് മധുരയിലെ ഏർവാടിയിലേക്കും കടന്നു. അവിടെ പള്ളിയിലെത്തിയ നാലുപേരെയും കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാലികമാരെ വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടു.