കൊയിലാണ്ടി: ബാലുശേരിയിൽ നിന്നും രണ്ടു മാസം മുമ്പ് കാണാതായ യുവാവിന് കൊടുവള്ളിയിലെ സ്വർണക്കടത്തുമായി ബന്ധമുള്ളതായി പോലീസിന് സൂചന.
പുനൂർ, ഉണ്ണികുളം, കുന്നുമ്മൽ വീട്ടിൽ അബ്ദുൾ മജീദിന്റെ മകൻ ഹാഷിദി(25)നെയാണ് 2019 ആഗസ്റ്റ് 22 മുതൽ കാണാതായത്. ഇത് സംബസിച്ച് ഹാഷിദിന്റെ ഉമ്മ സുഹറ സെപ്റ്റംബര്‍ 13ന് ബാലുശേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഹാഷിദിന് വിവാഹ അന്വേഷണങ്ങൾ നടന്നുവരുന്നതിനാലാണ് പരാതി നൽകാൻ ഒരു മാസമെടുത്തത്. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വന്ന് മൂന്നു മാസത്തിനു ശേഷം വീട്ടിൽ നിന്നും ഡ്രസുകളുമായി പുറത്തു പോയതിന് ശേഷമാണ് കാണാതാകുന്നത്.
പോകുന്നതിനു മുമ്പ് ഉമ്മയുടെ ഫോണിൽ ആരെയോ വിളിച്ചിരുന്നു. ഈ നമ്പർ ഡീലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഖത്തറിൽ വിസിറ്റിംഗ് വീസയിൽ പോകുമെന്ന് ഉമ്മയോട് പറഞ്ഞിരുന്നു.
പോലീസ് അന്വേഷണത്തിൽ പുനൂർ സ്വദേശി അൻവറിനോടൊപ്പമാണ് പോയതെന്നാണ് മന സിലായത്. ഇയാൾക്ക് കൊടുവള്ളിയിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് വിവരം.