വൈക്കം: കുമരകം ചക്രംപടിയിലെ ബാറിലെ അക്കൗണ്ടന്റായ ജിഷ്ണു (23)വിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. ജിഷ്ണുവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാക്കുന്ന യാതൊരു വിവരവും ലഭിക്കാത്തതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു.
സൗമ്യനും വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനുമായ ജിഷ്ണു വീടുവിട്ടു പോകേണ്ട യാതൊരു സംഭവവുമുണ്ടായിട്ടില്ലെന്ന് ജിഷ്ണുവിന്റെ അച്ഛൻ കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസും അമ്മ ശോഭനയും പറയുന്നു.
ദുഃസ്വഭാവങ്ങളൊന്നുമില്ലാത്ത യുവാവ് ജോലിയിൽ നിന്നു കിട്ടുന്ന ശന്പളം മുഴുവൻ അമ്മയെ ഏൽപിച്ചിട്ടു സ്വന്തം ആവശ്യത്തിനു ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു. ജോലി സ്ഥലത്തായിരിക്കുന്പോഴും സമയം കിട്ടുന്പോഴൊക്കെ അമ്മയെ വിളിച്ചു കൊണ്ടിരുന്ന മകനെ രണ്ടാഴ്ചയായി കാണാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഒന്നര വർഷമായി മകൻ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന ബാറിന്റെ ഉടമ ജീവനക്കാരനെ കാണാതായ സംഭവത്തിൽ അന്വേഷണത്തെ സഹായിക്കുന്നതിനു മുൻകൈയെടുക്കുകയോ വീട്ടുകാരെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം കുറ്റപ്പെടുത്തുന്നു.
ജീഷ്ണു ബാറിനു സമീപത്ത് രാവിലെ എത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. എന്നാൽ ബാറിനു മുൻവശത്തെ സിസിടിവി കാമറയിൽ ജിഷ്ണുവിന്റെ ദൃശ്യം പതിഞ്ഞിട്ടില്ല. അന്ന് രാവിലെ വൈദ്യുതി തടസമുണ്ടായിരുന്നതിനാൽ സിസിടിവി കാമറകൾ പ്രവർത്തിച്ചില്ലെന്നാണ് ബാർ അധികൃതർ അറിയിച്ചത്.
അതേസമയം ജിഷ്ണുവിന്റെ ബന്ധുക്കളുടെ അന്വേഷണത്തിൽ സംഭവ ദിവസം രാവിലെ വൈദ്യുതി മുടങ്ങിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നു പറയുന്നു. പോലീസിന്റെ അന്വേഷണത്തിലും സമീപനത്തിലും ജീഷ്ണുവിന്റെ കുടുംബം തൃപ്തരാണ്.
തങ്ങൾക്കു വരുന്ന ഓരോ ഫോണ് കോളും മകന്റെതാകണമെന്ന പ്രാർഥനയോടെ നിറമിഴികളോടെ വീടിന്റെ പൂമുഖത്ത് വഴി കണ്ണുമായി നിൽക്കുന്ന ഹരിദാസിനേയും ശോഭനയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കുമാകുന്നില്ല.
കഴിഞ്ഞ മൂന്നാം തീയതി രാവിലെ ജോലിക്കു പോയ ജിഷ്ണു പിന്നീട് തിരിച്ചു വന്നില്ല. വൈകുന്നേരം 7.30നു സഹപ്രവർത്തകർ വീട്ടിലെത്തി ജിഷ്ണുവിനെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് ബന്ധുക്കൾ വിവരമറിയുന്നത്.
മാതാപിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഹരിദാസ് വൈക്കം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിഷ്ണു മൂന്നാം തീയതി രാവിലെ എട്ടിന് ബാറിന്റെ മുന്നിൽ ബസിറങ്ങിയതായി കണ്ടെത്തിയിരുന്നു.
പിന്നീട് മറ്റൊരു കെഎസ്ആർടിസി ബസിൽ കയറി കോട്ടയം ഭാഗത്തേക്കു പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാൽ പോലീസ് ഇക്കാര്യം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ആധാർകാർഡ്, എടിഎം കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുപോയിട്ടില്ല. 530 രൂപ മാത്രമാണ് ജിഷ്ണുവിന്റെ പക്കലുണ്ടായിരുന്നത്. മൂന്നു പവന്റെ മാല കൈവശമുണ്ടായിരുന്നു.
എല്ലാ ദിവസത്തെയും പോലെ കുപ്പിവെള്ളവുമായി സൈക്കിളിൽ ശാസ്തക്കുള്ള ബസ് സ്റ്റോപ്പുവരെ പോയി. അവിടെ നിന്നു ബസിലാണ് കുമരകത്തേക്കു പോയത്.