ചിങ്ങവനം: കപ്പൽ യാത്രക്കിടെ കാണാതായ കുറിച്ചി വലിയിടത്തറ ജസ്റ്റിൻ കുരുവിളയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളുടെ ഇടപെടൽ.
സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്ട്രീം അറ്റ്ലാൻഡിക് എന്ന ചരക്ക് കപ്പലിലെ അസിസ്റ്റന്റ് കുക്കായിരുന്ന ജസ്റ്റിനെ സൗത്ത് ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായതായാണു കപ്പൽ അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 31ന് ആഫ്രിക്കൻ തീരത്തുനിന്നു പുറപ്പെട്ട് ഈ മാസം 23ന് അമേരിക്കൻ തീരത്ത് എത്തേണ്ട കപ്പലിൽനിന്നും കഴിഞ്ഞ എട്ടിനാണ് ജസ്റ്റിനെ കാണാതായതായി കപ്പൽ അധികൃതർ ബുധനാഴ്ച രാവിലെ ബന്ധുക്കളെ അറിയിച്ചത്.
നാലു വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ജസ്റ്റിൻ അടുത്തയിടെ നാട്ടിൽ എത്തിയിരുന്നു. കപ്പലിൽ 25 ജീവനക്കാർ ആണുണ്ടായിരുന്നത്.
ഇപ്പോൾ കപ്പലുമായുള്ള ആശയവിനിമയം വിശ്ചേദിച്ചിരിക്കുന്നതായാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. വിവരം അറിഞ്ഞയുടൻ ജസ്റ്റിന്റെ ബന്ധുക്കൾ ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖിനെ വിളിച്ചറിയിക്കുകയായിരുന്നു.
തുടർന്ന് വൈശാഖ് കൊടിക്കുന്നിൽ സുരേഷ് എംപിയേയും, ശശി തരൂർ എംപിയേയും വിളിച്ചറിയച്ചതിനുശേഷം അവരുടെ നിർദേശ പ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽയ്ക്ക് നിവേദനം നൽകി.
ഉമ്മൻ ചാണ്ടി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനേയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനേയും നേരിട്ട് കണ്ട് ബന്ധുക്കളുടെ നിവേദനം നൽകി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങൾ ആരാഞ്ഞു വേണ്ട നടപടികൾ സ്വീകരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, കേന്ദ്ര മന്ത്രിമാർക്കും കത്തയച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ ചിങ്ങവനം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.