ഒസ്ലൊ: നോർവീജിയൻ ശതകോടീശ്വരന്റെ ഭാര്യയെ വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ശതകോടീശ്വരനും ഊർജ, റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ടോം ഹേഗന്റെ ഭാര്യ അന്നെ എലിസബത്ത് ഫാൽകെവിക് ഹേഗനെയാണ് (68) തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ഒക്ടോബർ 31 ന് ആണ് അന്നെ എലിസബത്തിനെ നോർവെയുടെ തലസ്ഥാനമായ ഓസ്ലോയ്ക്കു സമീപമുള്ള വസതിയിൽനിന്നും കാണാതാകുന്നത്. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലും ഇവരെ പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയവർ ഇതിനിടെ മോചനദ്രവ്യമായി ഒരു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഈ തുക ക്രിപ്റ്റോ കറൻസിയിൽ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
നോർവെയിലെ കോടീശ്വരൻമാരിൽ പ്രമുഖനായ ടോം ഹേഗന്റെ ആസ്തി ഏകദേശം 174 ദശലക്ഷം യൂറോയാണ്. അടുത്തിടെ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം രാജ്യത്തെ കോടിശ്വരൻമാരിൽ 172 ാം സ്ഥാനത്താണ് ടോം ഹേഗൻ.