വിഴിഞ്ഞം: പെൺ സുഹൃത്തിനെ തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കുളച്ചൽ നിദ്രവിള തീരത്തടിഞ്ഞു.
പിതാവും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും സംശയമുള്ളതിനാൽ ഡിഎൻഎ പരിശോധനക്കുശേഷമേ വിട്ടു നൽകുവെന്ന് പോലീസ് പറഞ്ഞു.
ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിഎൻഎ ടെസ്റ്റ് ഫലംവന്നശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെയോടെയാണ് യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞത്. കുളച്ചൽ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസും കിരണിന്റെ പിതാവ് മധുവും ബന്ധുക്കളും രാവിലെയോടെ സ്ഥലത്ത് എത്തി.
വലതു കൈയിലെ വെളുത്ത ചരടും കാലിലെ വിരലുകളുടെ വ്യത്യാസവും കണ്ട തോടെ മൃതദേഹം കിരണിന്റെതെന്ന് ബന്ധുക്കൾ വിലയിരുത്തി.
എന്നാൽ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും കാലപ്പഴക്കവും പോലീസിന്റെ സംശയം കൂട്ടി. കഴിഞ്ഞ ശനിയാഴ്ച കിരണിനെ കാണാതാകുമ്പോൾ വെള്ള പാന്റും കറുത്ത ഷർട്ടുമായിരുന്നു വേഷം.
ഒരാഴ്ച മുൻപ് കോഴിക്കോട് വേപ്പൂർ , കൊല്ലം നീണ്ടകര എന്നിവിടങ്ങളിൽ നിന്നും കടലിൽ കാണാതായവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്തരം സംശയങ്ങളാണ് ഡിഎൻഎ പരിശോധനക്കായി പോലീസിനെ പ്രേരിപ്പിച്ചത്.
ഇന്നലെ കണ്ടെത്തിയത് കിരണിന്റെ മൃതദേഹമാണെന്ന വാർത്ത വന്നതോടെ ആഴി മലമേഖലയിൽ തീരദേശ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും തെരച്ചിലും നിർത്തിവച്ചു.