കോട്ടയം: ജില്ലയിൽ ഇന്നലെയും മൂന്നുപേരെ കാണാതായി. ഇതിൽ ഒരാൾ തിരിച്ചെത്തി. യുവതി, യുവാവ്, പതിനേഴുകാരി എന്നിവരെയാണ് കാണാതായത്. കടുത്തുരുത്തി സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ കാണാതായത്. ഭർത്താവ് പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് അന്വേഷിച്ചു ചെന്നപ്പോൾ യുവതി എത്തിയത് ആദ്യ ഭർത്താവിനൊപ്പമെന്ന് വിവരം ലഭിച്ചു. നാളെ സ്റ്റേഷനിൽ ഹാജരാകാമെന്ന് പോലീസിന് യുവതി ഉറപ്പു നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന് 24 വയസുള്ള യുവാവിനെ കാണാതായെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് കോട്ടയത്തുള്ള ഒരു കന്പനിയിൽ ജോലിക്കു പോയതാണ്.
മടങ്ങി വന്നില്ലെന്നു കാണിച്ചാണ് വീട്ടുകാർ പോലീസിൽ പരാതി നല്‍കിയത്. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ചങ്ങനാശേരി സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പതിനേഴുകാരിയെ കണ്ടുകിട്ടി. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ ബന്ധുവീട്ടിൽ നിന്ന് കണ്ടുകിട്ടി. ഇന്നലെ അമ്മയും മകളും പോലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിച്ചു.