കോട്ടയം: ദന്പതികളുടെ തിരോധാനം സംബന്ധിച്ചു പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തി ഒരുമാസത്തിനുള്ളിൽ സൂചനയൊന്നും ലഭിച്ചില്ലെങ്കിൽ വിവരം ഡിജിപിയെ ധരിപ്പിച്ച് കേസ് ക്രൈംബ്രാഞ്ച് കൈമാറുന്നതിനു ശിപാർശ ചെയ്യുമെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്. കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്.
ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ് ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. ദന്പതികളെ കാണാതായിട്ട് ഇന്നു ആറുമാസം പിന്നിടുകയാണ്. ദന്പതികളുടെ തിരോധാനം ആദ്യം അന്വേഷിച്ച കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസിന്റെ സംഘത്തിനു പുറമേ പാന്പാടി സിഐ യു. ശ്രീജിത്ത്, കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക സംഘവും കേസ് അന്വേഷിച്ചുവരുന്നു.
ഇവരുടെ പ്രത്യേക ടീം അന്വേഷണം ഏറ്റെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഈ അന്വേഷണ സംഘങ്ങൾക്കു ഒരു മാസത്തിനകം എന്തെങ്കിലും വിവരം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ അന്വേഷണം തുടരുകയുള്ളൂ. അല്ലാത്തപക്ഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനാണു പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മുൻസംഘം അന്വേഷിച്ച വഴിയേയാണ് ഇവരും അന്വേഷണം തുടരുന്നത്.
ആദ്യസംഘം വിട്ടുപോയ കാര്യങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദന്പതികളുമായി ബന്ധമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. ആദ്യസംഘം അന്വേഷിച്ച രീതിയിൽ ഇവരുടെ വാഹനം ആറ്റിലോ, മറ്റു കൊക്കകളിലോ യാത്രയ്ക്കിടെ പോയതാകാമെന്ന നിഗമനവും പോലീസ് കൈവിടുന്നില്ല. ഇരുവരും മാനസിക ന്യൂനതയ്ക്കു അടിമയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
കഴിഞ്ഞ 20നു ദന്പതികളുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിൽ രണ്ടു അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു സംഘത്തെ വിപുലപ്പെടുത്തി അന്വേഷണം ഉൗർജിതമാക്കാൻ തീരുമാനിച്ചത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന രണ്ടുപേരെയാണു പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ തുടക്കത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നാലംഗ സ്ക്വാഡിൽനിന്ന് ഉൾപ്പെട്ട രണ്ടുപേരെ എആർ ക്യാന്പിലേക്കു മടക്കിവിളിച്ചിരുന്നു. ഇവരാണു വീണ്ടും ടീമിൽ ഇടം നേടിയിരിക്കുന്നത്.ദന്പതികളെ കാണാതായ അന്നുമുതൽ കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്നു പോലീസിനു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
കാണാതായ ദിവസവും തലേന്നും ഹാഷിമിന്റെ ഫോണിൽ സംസാരിച്ചിരുന്നവരുടെ വിശദമായ മൊഴി നേരിട്ടു വീണ്ടും രേഖപ്പെടുത്തും. പുതിയവാഹനം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തോയെന്നതടക്കമുള്ളള മുഴുവൻ കാര്യങ്ങളും പുതിയസംഘം അന്വേഷിക്കും. ഹബീബയുടെ സഹോദരൻ അതിരന്പുഴ നൂർ മൻസിലിൽ ഷിഹാബുദ്ദീൻ തിരോധാനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.