കോട്ടയം: തുന്പൊന്നും ലഭിക്കാതെ താഴത്തങ്ങാടി ദന്പതികളുടെ തിരോധാന അന്വേഷണം. കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിനു വലിയ പുരോഗതി ലഭിക്കാത്തത് പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നു. കഴിഞ്ഞ ആറിനാണു താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതാകുന്നത്.
ഇരുവരെയും കാണാതായ കഴിഞ്ഞ ആറിനു രാവിലെ 9.30നു ഹാഷിം പീരുമേട്ടിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട്, പരുന്തുംപാറ, വാഗമണ്, തങ്ങൾപാറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഹെലികാം ഉപയോഗിച്ച് ഇന്നലെ പോലീസ് തെരച്ചിൽ നടത്തി. 10 പേർ അടങ്ങുന്ന സ്പെഷൽ ടീമാണു പരിശോധനകൾ നടത്തുന്നത്.
പ്രദേശത്തെ പാറക്കെട്ടുകൾ, കൊക്കകൾ എന്നിവിടങ്ങളിലാണു ഹെലികാം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നത്. ആറിനു രാവിലെ 9.30നു ഹാഷിം ഒറ്റയ്ക്കു തന്റെ പുതിയ കാറിൽ പീരുമേട്ടിൽ എത്തിയതിന്റെ ദൃശ്യമാണു തെളിവായി ലഭിച്ചിരിക്കുന്നത്. ഇരുവരെയും കാണാതായതിനു പിന്നിൽ പീരുമേടുമായി ബന്ധമുണ്ടെയെന്നാണു പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ തെളിവുകൾ നല്കാൻ പോലീസ് തയാറല്ല. നിലവിലത്തെ സാഹചര്യത്തിൽ ഇവർക്കു പീരുമേട്ടിൽ പോകേണ്ട സാഹചര്യമില്ലെന്നാണു അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഹാഷീം എന്തിനു പോയെന്നാണു പോലീസ് അന്വേഷിക്കുന്നത്. ഹാഷിം പീരുമേട്ടിൽ പോയതുമായി ബന്ധപ്പെട്ടു കൃത്യമായ വിവരം നല്കാൻ ബന്ധുക്കളും കഴിഞ്ഞിട്ടില്ല. ഹാഷീം പീരുമേട്ടിൽ പോയ കാര്യങ്ങൾ പോലും പോലീസ് പറയുന്പോഴാണു ബന്ധുക്കൾ അറിയുന്നത്.
ഹാഷീമിന്റെയും ഭാര്യ ഹബീബയുടെയും ചിത്രങ്ങൾ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട മുസ്്ലീം തീർഥാടന കേന്ദ്രങ്ങളിലും പതിപ്പിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ പറഞ്ഞു. ഇതിനു പുറമെ തമിഴ്നാട്, കർണാടക, അന്ധ്രപ്രദേശ്, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുമായി ചേർന്നും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്കു പരാതി നല്കി.