കുമരകം: ഒരാഴ്ച മുൻപ് കാണാതായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ സഞ്ചരിച്ച വഴികളെക്കുറിച്ച് ഏകദേശ സൂചന പോലീസിനു ലഭിച്ചു. ഇവർ കോട്ടയത്തേക്ക് വന്നത് മാണിക്കുന്നം -തിരുവാതുക്കൽ വഴിയാണെന്നതിന് സൂചനയായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മാണിക്കുന്നത്തിനു സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ദന്പതികളെക്കുറിച്ച് ഇതുവരെ ലഭിച്ച ഏക തെളിവ്.
ദന്പതികൾ സഞ്ചരിച്ച വാഗണ്‍ ആർ കാറിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കിട്ടിയ ദൃശ്യത്തിലും നന്പർ പ്ലേറ്റ് വ്യക്തമല്ല. എന്നാൽ കാറിലിരിക്കുന്നവരെ കണ്ടാണ് ഇത് കാണാതായവരാണെന്നു വ്യക്തമായത്. ഇനി തിരുവാതുക്കൽ മുതൽ കോട്ടയം ടൗണ്‍ വരെയുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഇതേ കാർ കടന്നു പോയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടന്നു വരുന്നു. ദന്പതികളെ കാണാതായി ഒരാഴ്ചക്കുള്ളിൽ ആദ്യം ലഭിക്കുന്ന തെളിവാണ് സിസിടിവി ദൃശ്യങ്ങൾ.
കോട്ടയം ടൗണിലേക്ക് ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നു പോയത്. താഴത്തങ്ങാടി വഴിയാകും കോട്ടയത്തേക്ക് പോയതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. അവർ വീട്ടിൽ നിന്നിറങ്ങി ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് വേളൂർ-മാണിക്കുന്നം-തിരുവാതുക്കൽ-ഭീമൻപടി- വഴിയാണ് കോട്ടയം ടൗണിലേക്ക് പോയതെന്നാണ് പോലീസിന്റെ നിഗമനം. ഈ ഭാഗത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ഹാഷിം തിരുവാതുക്കൽ വഴിയാണ് സ്ഥിരമായി സഞ്ചരിക്കുന്നതെന്ന് പിതാവ് അബ്ദുൾ ഖാദറും സമ്മതിക്കുന്നുണ്ട്.
അതേ സമയം പതിനഞ്ചിൽ കടവ് ഭാഗത്ത് ആറ്റിൽ ഏറെ ആഴമുള്ള ഭാഗത്ത് പാതാള കരണ്ടി ഉപയോഗിച്ചുള്ള തെരച്ചിലും ഇതോടൊപ്പം നടക്കുന്നുണ്ട്. മീനിച്ചാലാറ്റിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഇന്നു രാവിലെ കുമരകം സ്റ്റേഷനിൽ യോഗം ചേർന്ന് ഇതുവരെ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തു.
കോട്ടയത്തിനു പുറത്തേക്ക് വാഹനം പോയതിന് തെളിവൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും തുടരുന്നതിനാൽ തെളിവ് ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇപ്പോൾ തിരുവാതുക്കൽ മുതലുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധന കോട്ടയം ടൗണിലെത്തിയാലേ വണ്ടി പുറത്തേക്ക് പോയോ എന്ന കാര്യത്തിൽ വ്യക്തത കൈവരികയുള്ളു. ചു