കോട്ടയം: ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിൽ രണ്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനം. ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റെഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു സംഘത്തെ വിപുലപ്പെടുത്തി അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന രണ്ടുപേരെയാണ് പുതിയ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നാലംഗ സ്ക്വാഡിൽനിന്ന് ഉൾപ്പെട്ട രണ്ടുപേരെ എആർ ക്യാന്പിലേക്കു മടക്കിവിളിച്ചിരുന്നു. ഇവരാണു വീണ്ടും ടീമിൽ ഇടം നേടിയിരിക്കുന്നത്.
ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ് ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. കാണാതായ അന്നുമുതൽ കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്നു പോലീസിന് ലഭിച്ച സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഇതു വീണ്ടും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. കാണാതായ ദിവസവും തലേന്നും ഹാഷിമിന്റെ ഫോണിൽ സംസാരിച്ചിരുന്നവരുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. ദന്പതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക അന്വേഷണം നടക്കും.
പുതിയ വാഹനം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തോയെന്നതടക്കമുള്ളള മുഴുവൻ കാര്യങ്ങളും പുതിയസംഘം അന്വേഷിക്കും. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ പരിശോധിച്ച് ആറ്റിലേക്ക് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് തെരച്ചിൽ നടത്തിയെങ്കിലും പോലീസിനു തുന്പൊന്നും ലഭിച്ചിരുന്നില്ല.
മുൻ ഡിജിപി ടി.പി. സെൻകുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ബന്ധുക്കളിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. ഹബീബയുടെ സഹോദരൻ അതിരന്പുഴ നൂർ മൻസിലിൽ ഷിഹാബുദ്ദീൻ തിരോധാനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.
തിരോധാനം ഇതുവരെ:
പുറത്തുനിന്നു ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഏപ്രിൽ ആറിന് രാത്രി ഒന്പതിനു കാറിൽ പുറത്തേക്കുപോയ ദന്പതികൾ പിന്നീട് തിരിച്ചുവന്നില്ല. രാത്രി 11 കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ബന്ധുക്കളുടെ വീട്ടിൽ അന്വേഷണം നടത്തി. മൊബൈൽ ഫോണ്, എടിഎം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല. വീട്ടുകാർ കുമരകം പോലീസിൽ പരാതി നൽകി. നഗരത്തിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ വിവരം കിട്ടിയില്ല. വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ 30പേരടങ്ങുന്ന സ്പെഷൽ ടീം അന്വേഷണം ആരംഭിച്ചു.
പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപേട്ട, ബീമാപള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും സംസ്ഥാനത്തിനകത്തും പുറത്തും കൈമാറി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെന്ന സൂചനയിൽ തെരച്ചിൽ നടത്തി.
ആറ്റിൽ പോയതാണെന്ന അഭ്യൂഹവും പരന്നു. കാർ അപകടത്തിൽപെടാനുള്ള സാധ്യത കണക്കിലെടുത്ത് താഴത്തങ്ങാടി ആറ്റിലും കൈത്തോടുകളിലും നേവിയുടെ സംഘവും തെരച്ചിൽ നടത്തി. ജില്ലയിലെ പ്രധാന പാറമടയിലും ജലാശയങ്ങളിലും ആറ്റിലും അത്യാധുനിക സിസി സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും തുന്പൊന്നും കിട്ടിയില്ല.