കുമരകം: ഹർത്താൽ ദിനത്തിൽ പുതിയ കാറിൽ ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെ കാണാതായതായാണ് ബന്ധു മുഹമ്മദ് അഷ്റഫ് കുമരകം പോലീസിൽ പരാതി നൽകിയത്.
തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലെ ഏർവാടിയിൽ ദന്പതികളെ കണ്ടതായി മലയാളിയായ കാർ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറുപറയിൽ നിന്നും കാണാതായ ഹാഷിമും ഭാര്യ ഹബീബയുമല്ല അതെന്നും കണ്ടെത്തുകയായിരുന്നു.
ഇടുക്കിയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഇന്നലെ ദമ്പതികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. തിരുവനന്തപുരത്തെ ബീമാപള്ളി പരിസരത്തുവച്ച് ദമ്പതികളെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർ്ട്ടുകളുണ്ടെന്നും കുമരകം എസ്ഐ ജി. രജൻ കുമാർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഒന്പതിന് ഹാഷിമിന്റെ 13-ഉം എട്ടും വയസുള്ള മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടിൽനിന്നു കാറിൽ പുറപ്പെട്ട ദന്പതികളെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോണുകൾ വീട്ടിൽ വച്ചിട്ടാണ് ദന്പതികൾ യാത്ര ചെയ്തതെന്നാണ് പോലീസ് പറയുന്നത്.