വൈപ്പിൻ: പതിനാറുകാരികളായ രണ്ട് ബാലികമാരെ കാണാതായതായി പരാതി. ഉറ്റ കൂട്ടുകാരികളായിരുന്ന രണ്ടു പേരിൽ ഒരാൾ എടവനക്കാട് സ്വദേശിനിയും മറ്റെയാൾ ഞാറക്കൽ പെരുന്പിള്ളി സ്വദേശിനിയുമാണ്. ഇരുവരും ജോലി ചെയ്തിരുന്നത് എടവനക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ്. അരി പലവ്യഞ്ജനങ്ങൾ തുടങ്ങിയ ഓർഡർ പിടിച്ച് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് ഇരുവരും ചെയ്തിരുന്നതത്രേ.
ഓർഡർ കുറഞ്ഞതിനാൽ ഇരുവരേയും സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയിട്ട് പിന്നീട് തിരിച്ചെത്തിയില്ല. വീട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നപ്പോൾ പെരുന്പിള്ളിയിലുള്ള ബാലികയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.