കോട്ടയം: പെണ്‍കുട്ടികളെ കാണാതാകുന്ന കേസുകൾ വർധിക്കുന്നു. ഇതിൽ പലതും ഒളിച്ചോട്ടമാണ്. ഇന്നലെ ജില്ലയിലെ രണ്ടിടത്ത് പെണ്‍കുട്ടികളെ കാണാതായി. പതിനെട്ടുകാരിയെ എഴുമാൻതുരുത്തിൽ നിന്ന് കാണാതായി. തൃക്കൊടിത്താനത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ പോലീസ് തിരുവല്ലയിൽ കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടു.
എഴുമാൻതുരുത്തിൽ നിന്ന് കാണാതായ പതിനെട്ടുകാരി ഇന്നലെ കോട്ടയത്തെ കോളജിലേക്ക് പോയതാണ്. വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല. പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെയാണ് മാതാപിതാക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നല്‍കിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തൃക്കൊടിത്താനത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ പോലീസ് കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും ചതിക്കുഴിയിൽ വീഴുമായിരുന്നു. ചെറിയ മാനസിക അസ്വസ്ഥതയുള്ള കുട്ടിയായിരുന്നു. അതിനാൽ പോലീസും ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്.
പെണ്‍കുട്ടിയുടെ ഒരു പരിചയക്കാരനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്. പെണ്‍കുട്ടികളെ കാണാതായതിന് കോട്ടയം ജില്ലയിൽ ആഴ്ചയിൽ എട്ടും പത്തും കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. മുൻപ് ഇത്രയും കേസുകളുണ്ടായിരുന്നില്ല.