തിരുവല്ല: സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ പ്രതിദിനം വര്‍ധിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ട്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പോലും അപ്രത്യക്ഷമാകുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ എട്ടിരട്ടി കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .
12നും 18നും മധ്യേയുള്ള പെണ്‍കുട്ടികളാണ് കാണാതാകുന്നവരില്‍ കൂടുതലും. എന്‍സിആര്‍ബിയുടെ കണക്കു പ്രകാരം 2016ല്‍ 145 പെണ്‍കുട്ടികളെയും 18 ആണ്‍കുട്ടികളെയുമാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.
ദേശീയതലത്തിലും ആണ്‍കുട്ടികളേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. 2016ല്‍ രാജ്യത്തൊട്ടാകെ 47,840 കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. സംസ്ഥാനത്ത് 2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെക്കാള്‍ ഇരട്ടിയിലധികമാണ് 2017 ആയപ്പോഴേയ്ക്കും വര്‍ധിച്ചിരിക്കുന്നത്.
നഗര പ്രദേശങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് കുട്ടികളെ കൂടുതലായി കാണാതായത്. കാണാതാകുന്ന കുട്ടികളെക്കുറിച്ച് കണക്കുക്കള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ബാലവേല, ഭിക്ഷാടനം, ലൈംഗിക പീഢനം, വൃക്കയുള്‍പ്പെടെയുള്ള അവയവക്കച്ചവടം, വ്യാജ ദത്ത് നല്കല് എന്നിവയ്ക്കായാണ് കുട്ടികളെ പ്രധാനമായും കടത്തിക്കൊണ്ടു പോകുന്നത്.
ഇതിലൂടെ കുട്ടിക്കടത്ത് മാഫിയ കോടികളാണ് സമ്പാദിക്കുന്നത്. തട്ടിക്കൊണ്ട് പോകലോ, ഭിക്ഷാടന മാഫിയയോ മാത്രമല്ലെന്നും സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘര്‍ഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്നതില് ഭൂരിഭാഗമെന്നും പോലീസ് സൂചിപ്പിക്കുന്നു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായ കുട്ടികളുടെ എണ്ണം 7292 ആണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തലസ്ഥാനത്തു നിന്നാണ്. അഞ്ച് വര്‍ഷത്തിനിടെ 534 പെണ്‍കുട്ടികളെ തലസ്ഥാനത്ത് കാണാതായി.
2010ല്‍ 829, 2011ല്‍ 942, 2012ല്‍ 1081, 2013ല്‍ 1208, 2014ല്‍ 1229, 2015ല്‍ 1630 കുട്ടികളെയാണ് കാണാതായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കാണാതാകുന്നവരെ പെട്ടെന്ന് കണ്ടെത്താറുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായി കുറവ് വന്നിട്ടുണ്ട്.