2018 മാർച്ച് ഒന്ന്. ഇപ്പോൾ തൃശൂർ പോലീസ് അക്കാഡമിയിൽ സിഐ ആയ വിബിന്‍ദാസ് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുന്ന സമയം. രാത്രി 9.30 ആയിക്കാണും.
പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്നു പറഞ്ഞ് ഒരു അറുപതുകാരന് സ്റ്റേഷനിലെത്തി. അയാള്‍ ആകെ പരിഭ്രാന്തനായിരുന്നു. പരാതി കൊടുത്തിട്ടു കൂടുതലൊന്നും സംസാരിക്കാതെ സ്റ്റേഷനില്‍നിന്നു പോയി.
ആ അഡ്രസ് പരിശോധിക്കാനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ വിനോദ് കൃഷ്ണയെ എസ്ഐ ചുമതലപ്പെടുത്തി. പരിശോധനയില്‍ നഗരത്തിലെ ഒരു ഫ്ളാറ്റിലെ താമസക്കാരനാണ് പരാതിക്കാരന് എന്നു കണ്ടെത്തി.
പോലീസ് സംഘം ഫ്ളാറ്റിൽ
രാത്രിതന്നെ എസ്ഐയും സംഘവും ഫ്ളാറ്റിലെത്തി. 18 വര്‍ഷംമുമ്പ് കേരളത്തില്‍ താമസത്തിനെത്തിയ ഉത്തരേന്ത്യക്കാരനായിരുന്നു അയാള്‍. ഭാര്യയും ഏകദേശം പന്ത്രണ്ടു വയസുള്ള മകനുമായിരുന്നു ആ ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബനാഥനുമായി സംസാരിച്ചതില്‍നിന്നു തലേന്നു വൈകുന്നേരം മുതലാണ് മകളെ കാണാതായതെന്നു മനസിലായി. കാര്യമൊന്നും വീട്ടുകാർക്ക് അറിയില്ല, കുട്ടിക്ക് മറ്റു ബന്ധങ്ങളൊന്നും ഉള്ളതായിട്ടും അവർക്ക് അറിയില്ല.
ഉടന്‍തന്നെ പോലീസ് സംഘം സൈബര്‍ സെല്ലില്‍ വിളിച്ചു പെൺകുട്ടിയുടെ മൊബൈൽ ഫോൺ കോള്‍ ഡീറ്റെയില്‍സ് എടുപ്പിച്ചു. അതു പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. അസമയത്തൊന്നും ഫോണ്‍ വിളി നടന്നതായും കണ്ടെത്താനായില്ല.
അര്‍ധരാത്രിയിലെ കോള്‍
അന്നു രാത്രി 12.30 ആയിക്കാണും. എസ്ഐ വിബിന്‍ദാസിന്റെ ഫോണ്‍ നമ്പറിലേക്കു ഒരുകോൾ. നോക്കിയപ്പോൾ കാണാതായ പെൺകുട്ടിയുടെ അച്ഛൻ. ഒരു പ്രധാന കാര്യം പറയാനാണ് അദ്ദേഹം വിളിച്ചത്. മകളുടെ ഫോൺ കോൾ ഇപ്പോൾ ലഭിച്ചത്രേ.
ട്രെയിനില്‍ ആണെന്നും കൂടെ മറ്റൊരാള്‍ ഉണ്ടെന്നും അവൾ പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രയിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും പറഞ്ഞ് അവൾ കരഞ്ഞെന്നും ആ അച്ഛൻ എസ്ഐയോടു വിശദീകരിച്ചു.
ഉടന്‍തന്നെ എസ്ഐ വിബിന്‍ദാസും സംഘവും പരാതിക്കാരന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി വീണ്ടും സംസാരിച്ചു. ഇതോടെ ചില കാര്യങ്ങൾ മറനീക്കി പുറത്തുവന്നു. പെൺകുട്ടിയുടെ അച്ഛൻ ചില കാര്യങ്ങൾ വെളിപ്പെടുത്തി.
പെണ്‍കുട്ടിക്കു കലശലായ അഭിനയമോഹം ഉണ്ടായിരുന്നെന്നും സിനിമയിലേക്ക് അവൾക്ക് ഒരു ചാന്‍സ് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. അഭിനയിപ്പിക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ആള്‍ക്കൊപ്പം നോയിഡയില്‍ ഉടന്‍ നടക്കുന്ന ഷൂട്ടിംഗിനായി മകളെ ട്രെയിന്‍ കയറ്റി വിട്ടതായും ആ അച്ഛന് പറഞ്ഞു.
ആദ്യം ഇക്കാര്യം താന്‍ പോലീസില്‍നിന്നു മറച്ചുവച്ചതായും അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു.
കെണിയിൽ
ട്രെയിൻ യാത്രയിൽ ആദ്യം കുഴപ്പമില്ലായിരുന്നു. എന്നാൽ, യാത്ര തുടങ്ങി കുറേ ദൂരം പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ കൂടെയുള്ള ചെറുപ്പക്കാരന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി.
ആദ്യം അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പതിനായിരം രൂപ ഇട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 20,000 രൂപ വേണമെന്നു പറഞ്ഞു. അതിനു ശേഷം 50,000 രൂപ നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയെ കൊന്നുകളയുമെന്നു ഭീഷണി മുഴക്കി.
ഇതോടെ മകൾ ചെന്നുപെട്ടിരിക്കുന്നതു വലിയ കെണിയിലാണെന്ന് അദ്ദേഹത്തിനു മനസിലായി. തുടർന്നാണ് പരാതിയുമായി അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് ഒാടിയെത്തിയത്. ഏതു നന്പരിൽനിന്നാണ് വിളിച്ചതെന്നു പോലീസ് പരിശോധിച്ചു.
പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആളുടെ ഫോണില്‍നിന്നു വിളിച്ചിട്ടു പെണ്‍കുട്ടിയെക്കൊണ്ടു വീട്ടുകാരോടു സംസാരിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി.
കേട്ടാൽ ആരും അന്‍പരക്കുന്ന കാര്യങ്ങളാണ് ആ വീട്ടുകാർ വെളിപ്പെടുത്തിയത്. സിനിമയിൽ അവസരം ഉണ്ടെന്നു പറഞ്ഞപ്പോൾ അത്രയൊന്നും പരിചയമില്ലാത്ത ഒരാളോടൊപ്പം മകളെ ട്രെയിൻ കയറ്റി വിട്ട മാതാപിതാക്കൾ പറഞ്ഞത് അവിശ്വസനീയമെന്ന് ആരും പറഞ്ഞുപോകുന്ന യാഥാർഥ്യങ്ങളായിരുന്നു.
കുട്ടിയുടെ പിതാവില്‍നിന്നു വിവരങ്ങള്‍ കേട്ടശേഷം എസ്ഐ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.പി. ദിനേശിനെ വിവരം അറിയിച്ചു. കമ്മീഷണറുടെ നിര്‍ദേശപ്രകാരം എസ്ഐ വിബിന്‍ദാസും സീനിയര്‍ സിപിഒ വിനോദ്കൃഷ്ണയും നോയിഡയിലേക്കു പുറപ്പെടാന്‍ തീരുമാനിച്ചു.
(തുടരും)
തയാറാക്കിയത് :സീമ മോഹൻലാൽ