റാന്നി: പിഞ്ചുകുട്ടികൾ അടക്കം നാലുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി മുങ്ങിയതായി പരാതി. തുടർച്ചയായ ഫോണ് വിളിയേ തുടർന്ന് ഭർത്താവുമായുണ്ടായ കലഹത്തിനൊടുവിലാണ് അടിച്ചിപ്പുഴ സ്വദേശിയായ 34 കാരി വീടുവിട്ടതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അസഹ്യമായപ്പോൾ കഴിഞ്ഞ അഞ്ചിന് ഭർത്താവ് യുവതിയുടെ ഫോണ് പിടിച്ചുവാങ്ങിയതായി പറയുന്നു.
എന്നാൽ അയൽവാസിയുടെ സഹായത്തോടെ മറ്റൊരു ഫോണ് തരപ്പെടുത്തി യുവതി പുറത്തേക്കു വിളിച്ചുകൊണ്ടിരുന്നതായി പറയുന്നു. ഇതേച്ചൊല്ലി ശനിയാഴ്ച തർക്കമുണ്ടായി. ഭർത്താവ് ജോലിക്കു പോയ സമയം യുവതി കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.
ഫോണ് വിളിയുടെ പേരിൽ ഭർത്താവ് വഴക്കുണ്ടാക്കുന്നതിനെ ഭയന്നാണ് പോകുന്നതെന്ന് വീട്ടിൽ നിന്നും കണ്ടെടുത്ത കത്തിൽ പറയുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.