കോട്ടയം: ജില്ലയിൽ ഇന്നലെ മൂന്നിടത്ത് യുവതികളെ കാണാതായതായി പരാതി. മൂവരും കാമുകൻമാർക്കൊപ്പം ഒളിച്ചോടിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വൈക്കം സ്വദേശിയായ പത്തൊൻപതുകാരിയെ കാണാതായതിന് വൈക്കം പോലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്.
ബന്ധുവായ യുവാവിനൊപ്പം പോയതായാണ് സൂചന. കാഞ്ഞിരപ്പള്ളിയിൽ കോളജ് വിദ്യാർഥിനിയായ 21കാരിയെയാണ് ഇന്നലെ കാണാതായത്. കോളജിൽ പോയിട്ട് തിരികെ വീട്ടിലെത്തിയില്ല എന്നാണ് വീട്ടുകാർ നല്കിയ പരാതിയിൽ പറയുന്നത്. വിദ്യാർഥിനി മറ്റൊരു യുവാവുമൊത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് അവിടേക്ക് പോയിട്ടുണ്ട്.
കോരുത്തോട്ടുള്ള ക്ഷേത്രത്തിൽ പോയ പതിനെട്ടുകാരിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നല്കിയ പരാതിയിൽ മുണ്ടക്കയം പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പുലിക്കുന്ന് സ്വദേശിയായ യുവാവിനൊപ്പം യുവതിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.
യുവതികളെ കാണാതാകുന്ന കേസുകൾ ഓരോ ദിവസവും വർധിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപത്തഞ്ചിലധികം യുവതികളെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാണാതായത്. ഇതിൽ ഒട്ടുമുക്കാലും തിരിച്ചെത്തി.
രണ്ടു മാസം മുൻപ് ചങ്ങനാശേരിയിൽ നിന്ന് കാണാതായ പത്തൊൻപതുകാരനും തൃക്കൊടിത്താനത്തു നിന്ന് കാണാതായ മുപ്പത്തൊൻപതുകാരിയും ഇതുവരെ തിരിച്ചെത്തിയില്ല. ഇരുവരും ചങ്ങനാശേരിയിലെ ഒരു കടയിൽ ജോലി ചെയ്തു വരവെയാണ് കാണാതായത്. യുവതിക്ക് രണ്ടുകുട്ടികളും ഭർത്താവുമുള്ളതാണ്.