മുക്കം: പഞ്ചായത്തുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അടങ്ങിയ കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്പ്ടോപ്പ് പഞ്ചായതത്ത് ഓഫീസില്‍ നിന്നും കാണാതാതി. ജില്ലയില്‍ തന്നെ ഏറ്റവുമധികം ക്വാറികളും ക്രഷറുകളും എം സാന്‍ഡ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരി പഞ്ചായത്ത്. ഇവയുടേതടക്കം നിരവധി രേഖകള്‍ അടങ്ങിയ ലാപ്പ്ടോപ്പാണ് കാണാതായത്.
കഴിഞ്ഞ മെയ് 15ന് തന്നെ സംഭവം ശ്രദ്ധയില്പ്പെട്ടങ്കിലും ഇതുവരെ പരാതി നല്‍കാത്തതിലും ദുരൂഹതയുണ്ട്. മെയ് 15ന് തന്നെ ലാപ്പ്ടോപ്പ് കാണാതായത് ശ്രദ്ധയില്‍ പ്പെട്ടിരുന്നതായി പഴയ സെക്രട്ടറി സി.ഇ.സുരേഷ് ബാബു തന്നെ സമ്മതിക്കുന്നുണ്ട്. സാധാരണ നിലയില്‍ പ്രൊജക്റ്റ് ഓഫീസര്‍മാരുടെ കൈവശമാണ് ലാപ്പ്ടോപ്പ് ഉണ്ടാവാറുള്ളതെന്നും അത് കൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നുമാണ് ഇയാളുടെ ഭാഷ്യം.
എന്നാല്‍ മെയ് 31 ന് സെക്രട്ടറി സ്ഥലം മാറിപ്പോയി പുതിയ സെക്രട്ടറി സ്ഥാനമേറ്റെടുത്തങ്കിലും ഇയാളെ വിവരം അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ പരാതി നല്‍കാതിരുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഗ്രാമ പഞ്ചായത്തംഗം പി.പി. ഷിഹാബുദ്ധീന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിലെ പന്നിഫാമുകളുമായി ബന്ധപ്പെട്ട രേഖ ചോദിച്ചപ്പോഴാണ് ലാപ്പ്ടോപ്പ് മോഷണം പോയ വിവരം പുറത്തറിയുന്നത്. മൂന്നു ദിവസം മുമ്പ് ഷിഹാബടക്കമുള്ള യുഡിഎഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും ഇന്നലെ വൈകുന്നേരം വരെ പരാതി നല്കാന് അദ്ദേഹവും തയാറായില്ല.
താന്‍ ചാര്ജെടുത്തിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂവെന്നും സംഭവം മൂന്ന് ദിവസം മുന്‍പാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പുതിയ സെക്രട്ടറി സന്തോഷ് പറഞ്ഞു. ഏതായാലും സംഭവം വിവാദമായതോടെ പരാതി നല്കി തടിയൂരാനാണ് അധികൃതരുടെ ശ്രമം.