കോട്ടയം: അറുപറയിലെ ദന്പതികളുടെ തിരോധാനം അന്വേഷിച്ച് മടുത്ത ലോക്കൽ പോലീസ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെ മാങ്ങാനത്തെ ദന്പതി തിരോധാനവും പോലീസിന് തലവേദനയായി മാറുന്നു. ഇവർക്കായി കേരളം മുഴുവൻ അരിച്ചുപെറുക്കിയ പോലീസ് ഇതര സംസ്ഥാനത്തേക്കും അന്വേഷണത്തിനായി ആളെ അയച്ചു. എന്നിട്ടും ഒരു പ്രയോജനവുമില്ല.
കെഎസ്ഇബി റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കഴിഞ്ഞ നവംബർ 13നാണ് കാണാതായത്. സ്കൂട്ടറിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയെത്തി കാണാമറയത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടർ റെയിൽവേ പാർക്കിംഗ് ഏരിയയിൽ നിന്ന് കണ്ടുകിട്ടി.
മാതാപിതാക്കളെ കാണാതെ വന്നതോടെ ഇവരുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം (37) ആത്മഹത്യ ചെയ്തു.
മകന്റെ മരണ വാർത്തയറിഞ്ഞെങ്കിലും മാതാപിതാക്കൾ എത്തുമെന്നു കരുതിയെങ്കിലും വന്നില്ല. കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ജില്ലാ പോലീസ് ചീഫ് നിയോഗിച്ചെങ്കിലും നാളിതുവരെ ഒരു തുന്പും ലഭിച്ചിട്ടില്ല. കനത്ത സാന്പത്തിക ബാധ്യതയാണു തിരോധാനത്തിനു പിന്നിലെന്നാണു പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഏബ്രഹാമിനു ബാങ്കിലുൾപ്പെടെ വൻബാധ്യതയുണ്ടായിരുന്നതായാണു പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. സ്വകാര്യ പണമിടപാടുകരിൽനിന്നു ലക്ഷങ്ങളുടെ സാന്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ജോലിയില്ലാതിരുന്ന ടിൻസിക്കുവേണ്ടിയാണു പണമിടപാടുകൾ ഏബ്രഹാം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. നവംബർ 13നുനേരം പുലർന്നപ്പോൾ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 2.53നു റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് ഏരിയായിൽ സ്കൂട്ടർ പാർക്ക് ചെയ്തതായും കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തെ പാർക്കിംഗ് ഫീസ് നൽകുകയും ചെയ്തിരുന്നു.
മൊബൈൽ ഫോണ്, എടിഎം കാർഡ്, പഴ്സ് എന്നിവയൊന്നും കൊണ്ടുപോകാതിരുന്നതിനാൽ കേസ് അന്വേഷണം പ്രതികൂലമായി. വയോജന മന്ദിരങ്ങൾ, പള്ളികൾ, ധ്യാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധനനടത്തി. വേളാങ്കണ്ണി ഉൾപ്പെടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിലും തീർഥാടനകേന്ദ്രങ്ങളിലും പോലീസ് അന്വേഷിച്ചു. ബന്ധുക്കൾ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുമായി ഇരുവരും കാണാതായശേഷം ബന്ധപ്പെട്ടിട്ടില്ല.
തീർഥാടന കേന്ദ്രങ്ങളിലോ വയോജന സദനങ്ങളിലോ എത്തിയാൽ വിവരം അറിയിക്കാൻ വേണ്ട സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് ഇരുവരും ഉണ്ടാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണു പോലീസ്. കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീമാണു കേസ് അന്വേഷിക്കുന്നത്.