എംജെ ശ്രീജിത്ത്
തിരുവനന്തപുരം: 50 പവനും അന്പതിനായിരം രൂപയുമായി സ്വകാര്യ സ്വർണപണയ സ്ഥാപനത്തിലെ ജീവനക്കാരനെ കാണാതായിട്ട് ഇന്നു 18 ദിവസം. അന്വേഷണപുരോഗതിയില്ലാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ആര്യനാട് കുളപ്പട സുവർണനഗർ ഏദൻസിൽ മോഹനനെയാണ് ഇക്കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കാണാതായത്.
ഭാര്യ സഹോദരൻ ജയകുമാറിന്റെ സ്വർണപണയ സ്ഥാപനത്തിൽ 13വർഷമായി ജോലി ചെയ്യുകയാണ് മോഹനൻ. മോഹനനാണ് പണയ സ്വർണം പേരൂർക്കട സഹകരണ ബാങ്കിൽ പണം വയ്ക്കുന്നതും പണയമെടുക്കുന്നതുമെല്ലാം.
എട്ടാം തീയതി രാവിലെ പേരൂർക്കട ബാങ്കിൽ നിന്നും സ്വർണം പണയം എടുത്ത ശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങി സ്കൂട്ടറിൽ തിരികെ മടങ്ങവെയാണ് മോഹനനെ കാണാതായത്. സ്കൂട്ടർ ഉൾപ്പടെ കാണാതായതിനാൽ മോഹനൻ സ്വർണവും പണവുമായി മുങ്ങിയതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനവും അന്വേഷണവും.
എന്നാൽ വിശ്വസ്തനായ മോഹനൻ അങ്ങനെ ചെയ്യില്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്ന നിലപാടിൽ സ്ഥാപന ഉടമയും ബന്ധുക്കളും ഉറച്ചു നിന്നതോടെ പോലീസ് അന്വേഷണം ആരീതിയിലേക്ക് മാറ്റിയെങ്കിലും മോഹനനെ കാണാതായ മൂന്നാം ദിവസത്തെ അന്വേഷണത്തിൽ തന്നെയാണ് 18 ദിവസമായിട്ടും പോലീസ് നിൽക്കുന്നത്.
പോലീസ് ഇതിനകം ക്രിമിനൽ കേസിലെ പ്രതികളേയും മുൻ മോഷണകേസുകളിലെ പ്രതികളേയും അടക്കം ചോദ്യം ചെയ്തെങ്കിലും ഒരു തുന്പും ലഭിച്ചിട്ടില്ല. പേരൂർക്കട നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ജംഗഷൻ വരെ മോഹനൻ സ്കൂട്ടറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിനു ശേഷം മോഹനനേയോ സ്കൂട്ടറിനേയോ കുറിച്ച് ഒരു വിവരവുമില്ല.
മോഹനനെ കാണാതായത് ഉച്ചയ്ക്ക് 11നും 12മണിയ്ക്കും ഇടയിലാണ്. വാഹനങ്ങൾ ഏറെയുള്ള സമയത്ത് മോഹനനെ സ്കൂട്ടർ ഉൾപ്പടെ കടത്തി കൊണ്ടു പോയിട്ടുണ്ടെങ്കിൽ അത്രയ്ക്ക് പ്രഫഷണൽ സംഘമാണെന്ന നിഗമനത്തിലാണ് പോലീസും ബന്ധുക്കളും. ഒരു തെളിവും അവശേഷിക്കാതെ ഒരാളെ കാണാതായതിൽ അത്രയ്ക്ക് പ്രഫഷണലിസം ഈ കേസിൽ കാണുന്നു.
മോഹനൻ മുങ്ങാനുള്ള സാധ്യത ഒരു തരത്തിലും സ്ഥാപന ഉടമയും പോലീസും പറയുന്നില്ല. കാരണം മോഹനനൻ ബാങ്കിൽ പണയമെടുക്കാൻ പോയപ്പോൾ ഏഴു ലക്ഷം രൂപയും 10 പവൻ സ്വർണവും കൈയ്യിലുണ്ടായിരുന്നു. ഈ ലോക്ക് ഡൗൺ സമയത്ത് ആരെങ്കിലും സ്വർണവുമായി മുങ്ങുമോ എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.
ഈ സാഹചര്യത്തിൽ മോഹനനെ വാഹനവുമായി ആരോ തട്ടിക്കൊണ്ടുപോയെന്ന് ഉറപ്പിച്ച് പറയുകയാണ് ബന്ധുക്കൾ. പോലീസിനെ സഹായിക്കാൻ നാട്ടുകാരും ബന്ധുക്കളും അടക്കം എല്ലാദിവസവും അന്വേഷണത്തിനിറങ്ങുന്നുണ്ട്. എന്നാൽ അത് ഫലപ്രാപ്തിയിലെത്തുന്നില്ല.
എല്ലാ ദിവസവും അന്വേഷണ സംഘം സ്ഥാപന ഉടമയും ബന്ധുക്കളേയും ജീവനക്കാരേയും സ്റ്റേഷനിൽ വിളിച്ച് മൊഴി എടുക്കുന്നതല്ലാതെ ഒരു തരത്തിലുമുള്ള പുരോഗതി ഉണ്ടാകുന്നില്ല. പത്തനംതിട്ട കൊടുമണിൽ ഒരു പുരുഷൻ തീ കൊളുത്തി ആത്മഹത്യ ചെയ്തറിഞ്ഞ് മോഹനനാണോ എന്ന് തിരിച്ചറിയാൻ ബന്ധുക്കളും പോലീസും അവിടെ എത്തി പരിശോധിച്ചെങ്കിലും അതു അല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് മടങ്ങി.
ഇതുമാത്രമാണ് അന്വേഷണം മറ്റുജില്ലകളിലേയ്ക്കെങ്കിലും നടത്തിയത്. മോഹനനെ കാണാതായ ദിവസം ഒരു ഓമ്നിവാനും മഹാരാഷ്ട്രാ രജിസ്ട്രേഷനുള്ള ടാറ്റാ സുമോയും സംശയാസ്പദമായ രീതിയിൽ മോഹനന് പിന്നാലെ വരുന്നത് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അന്വേഷണം ഈ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും ആ സംശയത്തിന് കഴന്പില്ലെന്ന് കണ്ടെത്തി.
ഒടുവിൽ മോഹനന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലും പത്രദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവുമില്ല. ഇതിനിടെ മോഹനനെ താൻ ഓട്ടോറിക്ഷയിൽ വഴയില കൊണ്ടാക്കിയെന്ന അവകാശവാദവുമായി ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിനെ സമീപിച്ചു.
ഇതേ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും മോഹനനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞാണ് കൊണ്ടാക്കിയതെന്നായി പിന്നീട് ഇയാളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായ ചോദ്യം ചെയ്യുകയും ഇയാൾ പറഞ്ഞ ആളെ തേടി കവടിയാറിൽ പരിശോധന നടത്തിയെങ്കിലും അത് മോഹനനല്ലെന്ന് തിരിച്ചറിഞ്ഞു.
ഇതിനു ശേഷം ഇയാളുടെ ഓട്ടോറിക്ഷ സഞ്ചരിച്ച സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ വാഹനത്തിൽ യാത്രക്കാരില്ലെന്ന് കണ്ടെത്തി. ഇയാൾ എന്തിനാണ് ഇത്തരത്തിൽ ഒരു മൊഴി നൽകിയതെന്ന അന്വേഷണമായാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
മനപ്പൂർവം അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണോ മോഹനന്റെ തിരോധാനവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഒരു വ്യക്ത ഉണ്ടാക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടല്ല.
ജസ്നയുടെ തിരോധാനത്തിന് ഇതുവരെ തുന്പ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജസ്ന നടന്നുപോയി കാണാതായെങ്കിൽ മോഹനൻ അപ്രത്യക്ഷമായിരിക്കുന്നത് സ്കൂട്ടറും അന്പതു പവനും അന്പതിനായിരം രൂപയുയെന്ന വ്യത്യാസം മാത്രം.
വാഹനം ഉൾപ്പടെ ഒരാളെ കാണാതായിട്ടും അന്വേഷണ മികവിന് രാജ്യന്തരതലത്തിൽ തന്നെ പ്രശംസ നേടിയ കേരള പോലീസിന് 18 ദിവസം കഴിഞ്ഞിട്ടും അയാളെ കണ്ടെത്താനോ കേസിൽ വഴിത്തിരിവു ഉണ്ടാൻ പോന്ന ഒരു തെളിവ് കണ്ടത്താനോ കഴിയാത്തത് പോലീസിന് ഉണ്ടാക്കിയിരിക്കുന്ന നാണക്കേട് ചെറുതല്ല.
നെടുമങ്ങാട് ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ പുതിയ അന്വേഷണ സംഘത്തേയോ കേസ് ക്രൈംബ്രാഞ്ചിനോ കൈമാറമെന്ന ആവശ്യവുമായി ഉടൻ മോഹനന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നൽകും.