കുറവിലങ്ങാട്: മോനിപ്പള്ളിയിൽ നിന്ന് കാണാതായ അമ്മയേയും മക്കളേയും പോലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി. എറണാകുളത്തുനിന്നാണ് പോലീസ് ഇടപെടലിൽ വീട്ടമ്മയേയും മക്കളേയും തിരികെ എത്തിച്ചത്. കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്.
അന്വേഷണത്തിൽ സ്കൂളിൽ നിന്ന് മക്കളേയും കൂട്ടിയാണ് അമ്മ വീടുവിട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.പോലീസ് അന്വേഷണത്തിൽ വീട്ടമ്മയും മക്കളും എറണാകുളത്തുള്ളതായി കണ്ടെത്തി.
ഭർത്താവിന്റെ സുഹൃത്താണ് വീട്ടമ്മയ്ക്കും മക്കൾക്കും സംരക്ഷണമൊരുക്കിയതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ആത്മഹത്യാഭീഷണിയുമായി എത്തിയ വീട്ടമ്മയ്ക്കും മക്കൾക്കും അഭയം നൽകുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ സുഹൃത്ത് പറയുന്നത്.
പോലീസ് ഫോണിൽ ബന്ധപ്പെട്ട് മക്കളേയും അമ്മയേയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിതാവുമൊത്താണ് വീട്ടമ്മ എത്തിയത്. കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ പിതാവിനൊപ്പം കല്ലറയിലെ വീട്ടിലേക്ക് അയച്ചു. മക്കളിലൊരാൾ പിതാവിന്റെയും ഒരാൾ മാതാവിന്റെയും സംരക്ഷണയിലാണ്.