അന്പലപ്പുഴ: പുന്നപ്രയിൽ നിന്ന് കാണാതായ അമ്മയും, കുഞ്ഞും കോട്ടയത്തുണ്ടെന്നു സൂചന. യുവതിയുടെ കത്ത് വീട്ടുകാർക്ക് ലഭിച്ചു. ചങ്ങനാശേരിയിൽ നിന്നും യുവതി പോസ്റ്റു ചെയ്ത കത്ത് ഇന്നലെ രാവില്െ വീട്ടുകാർക്ക് ലഭിച്ചു. ഞാൻ ആത്മഹത്യ ചെയ്യില്ലെന്നും ധ്യാനകേന്ദ്രത്തിലുണ്ടെന്നും അച്ഛനും അമ്മയും വിഷമിക്കണ്ട. ഞാൻ തിരിച്ചു വരും.
എനിക്ക് മൂത്ത മകനെയും കാണണം എന്നാണ് ഉള്ളടക്കം. കത്തിലെ കൈയ്യക്ഷരം പ്രിയ മോളുടെതാണെന്ന് വീട്ടുകാർ പറഞ്ഞു. പുന്നപ്ര പോലീസിന് വീട്ടുകാർ കത്തു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ വിനുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ചങ്ങനാശേരി, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ധ്യാനകേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും യുവതിയെയും മകളെയും കണ്ടെത്താനായില്ല.
അനാഥാലയങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നും ഉടൻ തന്നെ ഇവരെ കണ്ടെത്താനാവുമെന്നുമാണ് പോലീസ് സംഘം പറയുന്നത്. പുന്നപ്രതെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ വല്യാറയിൽ മഞ്ജേഷ് കുമാറിന്റെ ഭാര്യ പ്രിയാമോൾ (34), മകൾ ഹിദാഗൗരി എന്നിവരെ കഴിഞ്ഞ 11 മുതലാണ് കാണാതായത്. പുന്നപ്രതെക്ക് ആറാംവാർഡിലെ പ്രിയയുടെ കണ്ണാട്ടുപറന്പ് വീട്ടിലായിരുന്നു പ്രിയമോളും, മഞ്ജേഷും കുട്ടികളും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് പ്രിയയെ കാണാതായത്.
താനും മകളും ജീവനൊടുക്കുമെന്ന് പ്രിയ അയൽവാസികളിൽ ചിലരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. മൂത്തമകനെ അച്ഛന്റെ വീട്ടിലേക്ക് അയച്ചതായും മകളും താനും മരിക്കാൻ പോകുന്നതായുമാണ് കുറിപ്പിലുള്ളത്.
പ്രിയ സാധാരണ പോകാറുള്ള ആരാധനാലയങ്ങളിൽ ഉൾപ്പടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രിയയുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പുന്നപ്ര പോലീസ് അന്വേഷണം നടത്തുന്നത് ഇതിനിടയിൽ കിട്ടിയ യുവതിയുടെ കത്ത് ഇവരെ കണ്ടെത്താനുള്ള പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ്.