തൊടുപുഴ: കഞ്ചാവ്, അടിപിടിക്കേസുകളിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി. പോലീസും ഫയർഫോഴ്സും ചേർന്നു തിരച്ചിൽ നടത്തുന്നു.
തൊടുപുഴ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇന്നലെ രാവിലെ ഒൻപതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി തൊടുപുഴയാറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം ബാറിൽ അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
പിന്നീട് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെയാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയത്. പോലീസിനെ കണ്ട ഇയാൾ ഓടി പുഴയിൽ ചാടുകയായിരുന്നു.
ഏതാനും ദൂരം ഒഴുകി പോകുന്നതു കണ്ടതായി പോലീസ് പറഞ്ഞു. പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുഴയോരത്ത് പരിശോധന നടത്തി.
തൊടുപുഴ ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ മുല്ലപ്പെരിയാറിലും എരുമേലിയിലും ഡ്യൂട്ടിയിലാണ്. അതിനാൽ കോതമംഗലത്തു നിന്നുള്ള സ്കൂബാ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്.
നീന്തലിലെ പ്രാവിണ്യവും പുഴയിലുള്ള പരിചയവും കണക്കിലെടുത്ത് ഇയാൾ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.