മുതലമട: ചപ്പക്കാട്ടിൽ രണ്ടു യുവാക്കളെ കാണാതായി ഇന്ന് 45 ദിവസം കഴിഞ്ഞിട്ടും ഒരു തുന്പും ഉണ്ടാവാത്തതിൽ നാട്ടുകാർ ക്ഷുഭിതരാകുന്നു. മുരുകേശൻ -27 ,സാമുവൽ സ്റ്റീഫൻ എന്നിവരെയാണ് ഓഗസ്റ്റ് 30 മുതൽ കാണാതായത്.
സ്ഥലത്ത് ദിവസേന അന്വേഷണത്തിനു വരുന്ന കൊല്ലങ്കോട് പോലീസ് ഒരാഴ്ചക്കം സംഭവത്തിന്റെ ദുരൂഹത മാറ്റാൻ കഴിയുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയിരിക്കുകയാണ്. ഈ സമയപരിധി കഴിഞ്ഞിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിൽ യുവാക്കളെ കണ്ടെത്താൻ സിബിഐയെ സമീപിക്കാനാണ് നാട്ടുകാരുടെ നീക്കം.
ഇക്കഴിഞ്ഞ മാസം മൂച്ചൻ കുണ്ടിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർക്ക് അന്പതോളം ഗ്രാമവാസികൾ ഒപ്പിട്ട് യുവാക്കളെ കണ്ടത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
രണ്ടു യുവാക്കളും ഇത്രയും ദിവസം വീടു വിട്ടുമാറി നിൽക്കില്ലെന്നാണ് വിട്ടുകാരും നാട്ടുകാരും അറിയിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ദിവസേന പോലീസ് ചപ്പക്കാട്ടിലെത്താറുണ്ടെങ്കിലും നാട്ടുകാരെ സമാധാനിപ്പിക്കാൻ പറ്റുന്ന വിവരങ്ങളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ചപ്പക്കാട്ടിലെത്തി കാണാതായ ഇരുവരുടേയും വീടുകളിലെത്തിയ യുവാക്കളെക്കുറിച്ചു അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തോടൊപ്പം ജില്ലാ ,മണ്ഡലം തല ഭാരവാഹികളും എത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല അന്വേഷണം വേണമെന്നും എ .തങ്കപ്പൻ ആവശ്യംഉന്നയിച്ചിരുന്നു.
യുവാക്കളെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം കൂടി വരികയാ ണ്. വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരങ്ങളുമായി നാട്ടുകാർ മുന്നോട്ടു വരുമെന്നും സൂചനയുണ്ട്.