കണ്ണൂർ ജില്ലയിലെ കൂത്തുപറന്പ് മമ്പറത്തിനടുത്ത് പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാനക്കേസിൽ വഴിത്തിരിവ് ഉണ്ടായത് ആറു വർഷത്തിനു ശേഷം. ബംഗളൂരു ബോംബ് സ്ഫോടന കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പറമ്പായിയിലെ സലീം ബംഗളൂരുവിലെ കേസന്വേഷണ സംഘത്തിന് നല്കിയ വെളിപ്പെടുത്തലോടെയാണ് നിഷാദിന്റെ തിരോധാന കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. നിഷാദിനെ കൊന്നതായാണ് വെളിപ്പെടുത്തൽ.
നീണ്ട ആറു വർഷക്കാലത്തിനിടെ മാറി മാറിയെത്തിയ പോലീസ് സംഘം വീട്ടിലെത്തി മൊഴിയെടുക്കുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്യുമ്പോഴൊക്കെ നിഷാദ് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ.
2012 ഒക്ടോബർ 21 മുതലാണ് പറമ്പായി നിഷാദ് നിവാസിൽ പ്രകാശൻ – മൈഥിലി ദമ്പതികളുടെ മകൻ നിഷാദിനെ (26) കാണാതായത്. തലശേരി – മമ്പറം – കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്.
കാണാതാവുന്ന ദിവസം രാത്രി വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ നിഷാദിന്റെ ഫോണിലേക്ക് വന്ന ഒരു കോളിനെ തുടർന്നായിരുന്നു ദുരൂഹതയുടെ തുടക്കം. തന്നെ ആരോ അന്വേഷിക്കുന്നതായും ഉടൻ തിരികെ വരാമെന്നും അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ നിഷാദ് പിന്നെ തിരികെ എത്തിയില്ല.
അന്വേഷണം ആദ്യം മുതൽ
നിഷാദിനെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 24ന് ബന്ധുക്കൾ നല്കിയ പരാതി പ്രകാരം കൂത്തുപറമ്പ് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒരു മാസക്കാലം ലോക്കൽ പോലീസും തുടർന്ന് പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചു. നിഷാദുമായി ബന്ധമുള്ളവർ ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ നിഷാദ് ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.
കേസിൽ യാതൊരു പുരോഗതിയും ഇല്ലാതെ വന്ന സാഹചര്യത്തിൽ ബിജെപി വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. നിഷാദിന്റെ തിരോധാനത്തിന് തീവ്രവാദ ശക്തികൾക്ക് ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ട് 2012 നവംബർ ഒൻപതിന് ബിജെപി പ്രാദേശിക നേതാക്കൾ വീണ്ടും ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. നവംബർ 17ന് മുഖ്യമന്ത്രിയുടെ കണ്ണൂർ സന്ദർശനവേളയിൽ നിഷാദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് ഇതേ ആവശ്യമുന്നയിച്ചു.
ഇതേ തുടർന്ന് കൂത്തുപറമ്പ് സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. എന്നാൽ ഈ സംഘവും നിരവധി പേരെ ചോദ്യം ചെയ്തതല്ലാതെ അന്വേഷണം ഊർജിതമായി മുന്നോട്ടു പോയില്ല. തുടർന്ന് നാട്ടുകാരേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും ഉൾപ്പെടുത്തി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും നിവേദനം നല്കി.
പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പരിമിതികൾ ഉണ്ടെന്നും കേസിന് തീവ്രവാദ ബന്ധം ഉണ്ടെന്നും ആരോപിക്കപ്പെട്ട പശ്ചാത്തലത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നായിരുന്നു സംഘപരിവാർ സംഘടനകൾ ഇതിനിടെ ഉയർത്തിയ ആവശ്യം. ജനുവരി 20ന് ഇവർ യോഗം ചേരുകയും ഇതു സംബന്ധിച്ച പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ഈ ആവശ്യം ഉന്നയിച്ച് പിറ്റേ ദിവസം തന്നെ എസ്പി, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നല്കുകയും ചെയ്തു. ജനുവരി 29ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കണ്ണൂരിൽ എത്തിയപ്പോൾ നേരിട്ട് കണ്ട് അഭ്യർഥിച്ച പശ്ചാത്തലത്തിൽ നിഷാദിന്റെ മാതാവിന് മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പു നല്കി. 2013 മേയ് 17ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഡിറ്റക്ടീവ് ഇൻസ്പെക്ടർ എം.സി. കുഞ്ഞിമോയിൻകുട്ടിക്കായിരുന്നു അന്വേഷണ ചുമതല. ഏറ്റവുമൊടുവിൽ ക്രൈംബ്രാഞ്ച് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിവന്നത്.
വഴിത്തിരിവ് ഇങ്ങനെ
ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ പറമ്പായിയിലെ സലീം പണത്തിനു വേണ്ടി നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘത്തിന് നല്കിയ മൊഴിയാണ് നിഷാദ് തിരോധാന കേസിൽ വഴിത്തിരിവുണ്ടാക്കിയത്. നിഷാദിന് ഒരു സ്ത്രീയുമായി ഉണ്ടായ ബന്ധത്തെ തുടർന്നാണ് നിഷാദിനെ കൊല ചെയ്യാൻ ക്വട്ടേഷൻ ലഭിച്ചതെന്നും സലീം വെളിപ്പെടുത്തിയതായി ബംഗളൂരു പോലീസ് കേരള പോലീസിനെ അറിയിച്ചിരുന്നു.
ക്വട്ടേഷൻ ഗൾഫിൽ നിന്നും
നിഷാദിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ലഭിച്ചത് ഗൾഫിൽ നിന്നുമാണെന്നാണ് കർണാടക ക്രൈംബ്രാഞ്ചിനോട് ബംഗളൂരു സ്ഫോടന കേസിലെ പ്രതി പറന്പായി സലീം വെളിപ്പെടുത്തിയതത്രെ. കൂത്തുപറന്പ് സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ കൊടുത്തത്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കർണാടക ക്രൈംബ്രാഞ്ച് പോലീസിന് മൊഴിനൽകിയത്.
ക്രൈംബ്രാഞ്ചിന് കടമ്പകളേറെ
നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സലീമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പൂർത്തിയാക്കാൻ കണ്ണൂരിലെ ക്രൈംബ്രാഞ്ച് സംഘത്തിന് കടമ്പകൾ ഏറെയാണ്. കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞെങ്കിൽ മൃതദേഹം എന്ത് ചെയ്തു, കൃത്യത്തിൽ പങ്കാളികളായി മറ്റാരെങ്കിലുമുണ്ടോ തുടങ്ങി ഒട്ടേറെ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിന് കൃത്യത വരുത്താൻ കേരള പോലീസിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതായിട്ടുണ്ട്. ബംഗളൂരുവിലേത് യുഎപിഎ വകുപ്പ് ഉൾപ്പെട്ട കേസായതിനാൽ പ്രതിയെ വിട്ടുകിട്ടാനും ഒട്ടേറെ നിയമ തടസങ്ങൾ മറികടക്കേണ്ടി വരും.
എൻഐഎ വരണം
നിഷാദിന്റെ തിരോധന കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2018 ജനുവരി 12ന് ബിജെപി ധർമടം മണ്ഡലം സെക്രട്ടറി എ. അനിൽകുമാർ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്കിയിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് ബംഗളുരു സ്ഫോടന കേസിലെ പ്രതി സലിം കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തെ കുറിച്ചുള്ള യഥാർഥ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കേസ് എൻഐഎ ക്ക് വിടണമെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കർമസമിതിയുടെ ഇപ്പോഴത്തെ ആവശ്യം. എന്നാൽ മാത്രമേ സംഭവത്തിലെ മുഴുവൻ പ്രതികളേയും പ്രദേശത്തെ തീവ്രവാദ ശക്തികളുടെ പ്രവർത്തനത്തെ കണ്ടെത്താനും കഴിയുകയുള്ളൂവെന്നും കർമസമിതി ചൂണ്ടിക്കാട്ടുന്നു.