പത്തനാപുരം : ബിരുദ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയിൽ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് നീക്കം. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നസീറിന്റെ മകന് നൗഫല്‍ നസീറി (19) നെയാണ് കാണാതായത്. നവംബർ 26 മുതലാണ് നൗഫലിനെ കാണാതാകുന്നത്.കൊല്ലം ഫാത്തിമ മാതാ കോളെജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നൗഫൽ.
മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും നൗഫലിനൊപ്പം കാണാതായതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇറ്റലിയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ഇയാൾ അടുത്തിടയ്ക്കാണ് നാട്ടിലെത്തുന്നത്.
മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയ ഇയാള്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പോകുകയായിരുന്നു.ഇരുവരെയും ഒരുമിച്ചാണ് കാണാതാകുന്നത്. 26ന് രാവിലെ കോളെജില്‍ പോകുന്നുവെന്ന് പറഞ്ഞാണ് നൗഫല്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്.