വിഴിഞ്ഞം: പ്രളയത്തിൽ നെയ്യാറിൽ ഒഴുക്കിൽപ്പെട്ട ഓമനയെ കാണാതായിട്ട് ഒരു മാസം തികയുന്നു. വീട്ടുകാരുടെ കാത്തിരുപ്പും തുടരുന്നു. കഴിഞ്ഞ മാസം 15ന് രാവിലെ ഏഴിന് പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ഓമന(58) യെ കാണാതായത്.വീട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയതെന്ന് ഭർത്താവ് ക്രിസ്തുദാസ് പറയുന്നു.
അമ്മയെ കാണാത്തതിനെ തുടർന്ന് മകൾസുജിത അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാവിളക്കടവ് പാലത്തിന് സമീപമുള്ള നെയ്യാറിന്റെ കരയിൽ ഓമനയുടെ ചെരുപ്പ് കാണപ്പെട്ടു.
ഇതോടെഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പൂവാർ ഫയർഫോഴ്സും പോലീസും നാല് ദിവസതോളം തെരച്ചിൽ നടത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല. ശക്തമായ മഴയെ തുടർന്ന് നെയ്യാർ കരകവിഞ്ഞൊഴുകിയിരുന്നത് അന്വേഷണത്തിന് തടസമായതെന്ന് അധികൃതർ പറയുന്നു.
മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് ഓമന. സമീപത്തെ ജംഗ്ഷനിൽ ചായ തട്ടുകട നടത്തുകയാണ് ഭർത്താവ് ക്രിസ്തുദാസ്.വീട്ടിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്തതിനാൽ എല്ലാ ദിവസവും രാവിലെ വിറക് ശേഖരിക്കാൻ പോകുന്ന പതിവുണ്ടെന്നും അതിനുശേഷം കടയിലെത്തി അർബുധ രോഗിയായ മകൾക്ക് ചായ വാങ്ങി കൊടുത്തശേഷം ചെക്ക് പോസ്റ്റ് വൃത്തിയാക്കാൻ പോകുമെന്നും മക്കൾ പറയുന്നു.
മക്കളായ സുനിൽ, സനൽ,സജിത എന്നിവർ വിവാഹം കഴിഞ്ഞ് മറ്റ് സ്ഥലങ്ങളിലാണ് താമസം. വീട്ടിൽ ഓമനയും ഭർത്താവ് ക്രിസ്തുദാസും ഇളയമകൾ സുജിതയും മാത്രമാണുണ്ടായിരുന്നത്.ഓമനയുടെ അഭാവവത്തിൽ ക്രിസ്തുദാസിനെ ഏറെ അലട്ടുന്നത് മകളുടെ രോഗവുമാണ്.
2002ലാണ് ഇളയ മകൾ സുജിതയ്ക്ക് തലയിൽ അർബുദരോഗം ബാധിച്ചത്.ഉടനെ തിരുവനന്തപുരം ശ്രീചിത്രയിൽ അടിയന്തര ശസ്ത്രക്രീയ നടത്തിയെങ്കിലും 2014ൽ ശരീരത്തിന്റെ ഇടത് ഭാഗം തളർന്നു.കുടുംബത്തിന് താങ്ങായും തണലായും നിന്ന ഓമനയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനമാണ് മകളുടെ ചികിത്സയ്ക്ക് വിനിയോഗിച്ചത്.
ക്രിസ്തുദാസിന് കുറച്ചു വർഷമായി ഹൃദയ സംബദ്ധമായ രോഗം പിടിപ്പെട്ടു.ഓമനയെ കാണാതായിട്ട് ഒരു മാസം തികയുമ്പോഴും ഒരുതുമ്പും കണ്ടെത്താനാകാതെ പൂവാർ പോലീസ് കൈയൊഴിഞ്ഞ മട്ടാണ്.
അഞ്ചുസെന്റ് ഭൂമിയിൽ ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇരുവരുടെയും താമസം. തൊട്ടടുത്തുള്ള മകന്റെ വീട്ടിൽ നിന്നാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്.ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇരുവരും ഓമന തിരിച്ച് വരുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.