സ്വന്തം ലേഖകൻ
തൃശൂർ: ഇന്നു രാവിലെ ഒല്ലൂർ ഭാഗത്ത് വിതരണം ചെയ്ത പത്രങ്ങൾക്കൊപ്പം കിട്ടിയ നോട്ടീസ് കൗതുകവും വേദനയുമുണർത്തുന്നതായിരുന്നു. കൈവിട്ടു പറന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട തത്തമ്മയെ ആർക്കെങ്കിലും കിട്ടിയാൽ തിരിച്ചുതരണേ എന്ന അഭ്യർത്ഥനയായിരുന്നു ആ നോട്ടീസ്.
ഒല്ലൂർ പി.ആർ.ഫ്രാൻസിസ് സ്മാരക ആംബുലൻസിന്റെ ഡ്രൈവറായ എം.ഡി.വർക്കിയാണ് നിങ്ങൾക്ക് കഴിഞ്ഞ മാസം ഒരു തത്തമ്മയെ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തോടെ നോട്ടീസ് ഇറക്കിയിരിക്കുന്നത്.
മക്കളില്ലാത്ത വർക്കിയും ഭാര്യയും തങ്ങളുടെ മകനെ പോലെയാണ് ആസാം ഇനത്തിൽ പെട്ട ഒന്നര വയസുള്ള തത്തയെ ചക്കരവാവേ എന്നു വിളിച്ച് പൊന്നുപോലെ വളർത്തിക്കൊണ്ടിരുന്നത്. വീട്ടിനകത്തായിരുന്നു തത്തയെ താമസിപ്പിച്ചിരുന്നത്. കൂട്ടിലിട്ട് വളർത്തിയിരുന്നില്ല.
ഒന്നൊന്നര വർഷം മുന്പ് വർക്കിയുടെ ഭാര്യയുടെ ബന്ധുവാണ് തത്തയെ ഇവർക്കു നൽകിയത്. മക്കളില്ലാത്ത ഇവർ ഈ തത്തമ്മയെ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് വളർത്തിവന്നത്.
കഴിഞ്ഞ മാസം വർക്കിയുടെ ഭാര്യ തോളിലിരുത്തി ചോറു കൊടുത്തുകൊണ്ടിരിക്കെ വീടിനു പുറത്തെ ഇലക്ട്രിക് പോസ്റ്റിൽ കറന്റു ശരിയാക്കാനെത്തിയ ഒരാളെ കണ്ട് പേടിച്ച് പുറത്തേക്ക് പറന്നുപോയതാണ് ഈ തത്തമ്മ.
വർക്കിയും ഭാര്യയും സമീപത്തെ പല പറന്പുകളിലും വീടുകളിലും അന്വേഷിച്ചെങ്കിലും അവരുടെ ചക്കരവാവയെ കണ്ടെത്താനായില്ല. തുടർന്ന് കൂട്ടുകാരോടെല്ലാം വിവരം പറഞ്ഞു.
കൂട്ടുകാർ വഴി ഫെയ്സ്ബുക്കിലും മറ്റും തത്തമ്മയെ കാണാനില്ലാത്ത വിവരം പങ്കുവെച്ചു. കണ്ടു കിട്ടുന്നവർ തിരിച്ചുതരണേ എന്നപേക്ഷയോടെ…ഫലമുണ്ടായില്ല. തുടർന്നാണ് പത്രത്തോടൊപ്പം അഞ്ഞൂറോളം നോട്ടീസ് വിതരണം ചെയ്യാൻ തീരുമാനിച്ചത്.
ആർക്കെങ്കിലും തങ്ങളുടെ ചക്കരവാവയെ കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചുതരണമെന്നും തിരിച്ചു തരുന്നവർക്ക് അതുപോലെ ഒരു ജോഡി തത്തയെ തരാമെന്നും എന്തു നഷ്ടവും നികത്താമെന്നും എന്തു പ്രതിഫലവും തരാമെന്നും വർക്കി വാഗ്ദാനം ചെയ്യുന്നു.
9847274427 എന്ന നന്പറുള്ള ഫോണടിക്കുന്പോൾ വർക്കി പ്രതീക്ഷകളോടെയാണ് കോൾ അറ്റൻഡു ചെയ്യുന്നത്…പത്രത്തിൽ നോട്ടീസ് കിട്ടിയപ്പോൾ നാലഞ്ചു പേർ വിളിച്ചുവെന്നും അവർക്കെല്ലാം തത്തമ്മകളെ കളഞ്ഞുകിട്ടിയവരായിരുന്നുവെന്നും എന്നാൽ അതൊന്നും തങ്ങളുടെ ചക്കരവാവ ആയിരുന്നില്ലെന്നും വർക്കിയും ഭാര്യയും വേദനയോടെ പറഞ്ഞു….
പ്രതീക്ഷകളോടെ ഇവർ കാത്തിരിക്കുകയാണ്….ചക്കരവാവേ എന്ന് വിളിച്ചാൽ വർക്കിയെന്നും അമ്മേയെന്നും തിരിച്ചുവിളിക്കുന്ന തങ്ങളുടെ പുന്നാര തത്തമ്മയുടെ തിരിച്ചുവരവിനായി…