കോട്ടയം: ഫോണ്‍ എടുക്കാതെ വീടുവിട്ട പെണ്‍കുട്ടികൾ വഴി പോക്കന്റെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസ് പാഞ്ഞെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്ന് വീട്ടിലാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ പിടിവിട്ടുപോകാമായിരുന്ന രണ്ടു പെണ്‍കുട്ടികളെ വീട്ടിലെത്തിക്കാൻ സാധിച്ചു. കുറിച്ചി സ്വദേശിനികളായ പ്ലസ് വണ്‍ വിദ്യാർഥിനികളെ ഇന്നലെ രാവിലെയാണ് കാണാതായത്.
വൈകുന്നേരമായിട്ടും മടങ്ങി വരാതായപ്പോൾ വീട്ടുകാർ ചിങ്ങവനം പോലീസിനെ സമീപിച്ചു. പെണ്‍കുട്ടികൾ സ്കൂളിൽ എത്താതെ ബസിൽ കോട്ടയം ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കോട്ടയം നഗരത്തിൽ തെരച്ചിൽ നടത്തുന്പോൾ രാത്രി ഒൻപത് മണിക്കാണ് പെണ്‍കുട്ടികളിൽ ഒരാൾ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചത്. നാഗന്പടത്തുള്ള ഒരു പള്ളിയിൽ എത്തിയ പെണ്‍കുട്ടികൾ അവിടെയെത്തിയ മറ്റൊരാളുടെ ഫോണിലൂടെയാണ് സുഹൃത്തുമായി സംസാരിച്ചത്.
പെണ്‍കുട്ടികളെ കാണാതായതിനെ തുടർന്ന് അടുത്ത സുഹൃത്തുക്കളോട് വിവരം ആരാഞ്ഞിരുന്നു. അതിനാൽ പെണ്‍കുട്ടികൾ വിളിച്ച വിവരവും ഫോണ്‍ നന്പരും നിമിഷങ്ങൾക്കുള്ളിൽ പോലീസിന് ലഭിച്ചു. ഉടനെ പോലീസ് പെണ്‍കുട്ടികൾ വിളിച്ച ഫോണിലേക്ക് വിളിച്ച് കുട്ടികളെ കാണാതായതാണെന്ന വിവരം പറഞ്ഞു. പള്ളിയിൽ എത്തി മടങ്ങാനൊരുങ്ങിയ ആൾ പോലീസിന്റെ നിർദേശ പ്രകാരം പെണ്‍കുട്ടികളുമായി സംസാരിച്ചു നിന്നു.
കുട്ടികൾ അവിടെ നിന്ന് പോകാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. പോലീസ് തന്നെ വിളിച്ച കാര്യം അറിയിക്കാതെ പെണ്‍കുട്ടികളുമായി സംസാരിച്ചു നിൽക്കവേ കോട്ടയത്തു നിന്നുള്ള കണ്ട്രോൾ റൂം പോലീസ് എത്തി. വനിതാ പോലീസ് അടക്കമുള്ളവർ എത്തി പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോയി വീട്ടിലാക്കി. ഇതോടെ പെണ്‍കുട്ടികളെ കാണാതെ വേവലാതിപ്പെട്ടു കഴിഞ്ഞ രണ്ടു കുടുംബങ്ങൾ സന്തോഷത്തിലായി. ചിങ്ങവനം പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കാണാതായ പെണ്‍കുട്ടികളെ വേഗം തിരികെ വീട്ടിലെത്തിക്കാൻ കഴിഞ്ഞത്.