കൊല്ലം: ജയിലിൽ എത്തിക്കുന്നതിനായി കൊണ്ടുവരവേ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല. തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
കൊല്ലം ജില്ലാ ജയിലിനു സമീപം ഇന്നലെ വൈകുന്നേരം 6.45 ന് ആണു സംഭവം. മൊബൈൽ ഫോൺ മോഷണക്കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിൽ പ്രവേശിപ്പിക്കാനായി സാജനെ പോലീസുകാർ ജില്ലാ ജയിലിന് മുന്നിൽ കൊണ്ടുവന്നു.
വിലങ്ങ് അഴിക്കവെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല.
രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇയാളെ പിടികൂടുന്നതിനായി ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്.