നാദാപുരം : തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായിയെ തട്ടികൊണ്ടു പോയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. റൂറല്‍ എസ്പി ഡോ.ബി. ശ്രീനിവാസിന്റെ മേല്‍നോട്ടത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്.
തട്ടികൊണ്ടുപോയതിനു പിന്നിലെ നാടകീയമായ സംഭവങ്ങളിലും ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ദിവസങ്ങളോളമായുള്ള ആസൂത്രിത നീക്കങ്ങള്ക്കൊടുവിലെ തിരോധാനമാണോയെന്നതിനെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി. കെ. അഹമ്മദ് (53) നെയാണ് ശനിയാഴ്ച പുലര്‍ച്ചെ കാറില്‍ തട്ടിക്കൊണ്ടു പോയത്.
വീടിനു സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി സ്കൂട്ടറില്‍ സഞ്ചരിക്കവേ സ്്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു.
വാട്ട്സ് ആപ് സന്ദേശം
തട്ടിക്കൊണ്ട് പോയവര്‍ പ്രഫഷണല്‍ സംഘമാണെന്ന സംശയത്തിലാണ് പോലീസ്. അഹമ്മദിന്റെ ഖത്തറിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഖത്തറിലുള്ള ഇയാളുടെ സഹോദരനോടു ചിലര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. മോചനദ്രവ്യം നൽകിയില്ലെങ്കിൽ അഹമ്മദിന്റെ വിരൽ മുറിച്ചു മാറ്റുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
വാട്സ് ആപ്പ് ചാറ്റ് വഴിയാണ് ഇവ ആവശ്യപ്പെട്ടത്. ഇതിനു പുറമേ വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടും സന്ദേശം അയച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സൈബര്‍ സെല്‍ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നാലു പേരെ ചോദ്യം ചെയ്യുന്നു
അതേസമയം, ഇന്നലെ രാവിലെ അഹമ്മദിന്റെ വാട്ട്സ് ആപ്പ് സന്ദേശവും ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു. ബോട്ടിലാണുള്ളതെന്നും തടവിലാണെന്നും എത്രയും പെട്ടെന്ന് ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാനും ആവശ്യപ്പെടുന്ന സന്ദേശമാണ് ലഭിച്ചത്.
ഈ സന്ദേശത്തിന്റെ ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പരിചിതമല്ലാത്ത സ്ഥലമായതിനാല്‍ പ്രാദേശിക സഹായം ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഈ രീതിയിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതേകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
കോവിഡ് മാനദണ്ഡം നിലനില്‍ക്കെ പള്ളിയില്‍ പുലര്‍ച്ചെയാണ് അഹമ്മദ് പ്രാര്‍ഥനയ്ക്കു പോയത്. രണ്ട് ദിവസം മുമ്പാണ് ഇൗ സമയം പോവാന്‍ തുടങ്ങിയത്. അതിനാല്‍ അഹമ്മദിന്റെ യാത്രാ വിവരങ്ങള്‍ കൃത്യമായി അറിയാവുന്നവരാണ് ഇതിനു പിന്നിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി നാല് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.