പയ്യന്നൂര്‍: ഐഎഎസിനു വേണ്ടിയുള്ള പൂനയിലെ കോച്ചിംഗിനിടയില് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കരിവെള്ളൂരിലെ യുവാവിനെ നാല് വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പിണറായി സ്വദേശിയും കരിവെള്ളൂര്‍ ആണൂരിലെ താമസക്കാരനുമായ പി.കെ. ജയരാജന്റെ മകന് റിജോയി(31)യുടെ തിരോധാനത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് എങ്ങുമെത്താതെ പോകുന്നത്.
പൂനയിലെ ചാണക്യ അക്കാദമിയില്‍ ഐഎഎസ് ബിരുദത്തിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്ന റിജോയിയെ മുംബൈ അന്തേരിക്ക് സമീപമുള്ള ജോഗേശ്വരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് 2017 നവംബര്‍ 15നാണ് കാണാതായത്. ഫിസിക്സ് ബിരുദധാരിയായ റിജോയ് പൂനയിലുള്ള സഹോദരന് സിനോയിക്കൊപ്പം താമസിച്ചായിരുന്നു പഠനം. ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍ റിജോയിയെ കാണാതാകുന്നത്.
റിജോയിയെ കാണാതായത് സംബന്ധിച്ച് സഹോദരന് സിനോയിയാണ് പൂന ചത്തുശ്രങ്കി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പാരാതിയില്‍ പോലീസ് എഫ്ഐആര്‍ പോലുമിട്ടിരുന്നില്ലെന്ന് പിന്നീടാണ് മനസിലായത്. മകനെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് അച്ഛന് ജയരാജും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പൂനയിലും മഹാരാഷ്ട്രയുടെ മുക്കൂംമൂലയും വരെ അരിച്ച് പെറുക്കിയിട്ടും ഇയാളെ കണ്ടെത്താനായില്ല.
പഠന ചെലവിനായി പിതാവ് അയച്ച പണമോ സര്‍ട്ടിഫിക്കറ്റുകളോ റിജോയ് എടുത്തിരുന്നില്ല. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന റിജോയിയുടെ കയ്യില്‍ ഇയാളുടെ സ്വപ്നമായ ഐഎഎസ് എന്ന് പച്ചകുത്തിയിട്ടുമുണ്ട്.
ചത്തുശ്രങ്കി പോലീസിന്റെ അന്വേഷണം തൃപ്തികരമായി തോന്നാത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്ത പയ്യന്നൂര്‍ പോലീസ് മുംബൈയിലും പൂനയിലുമായി പലവട്ടം അന്വേഷണം നടത്തിയിട്ടും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. രണ്ടുമാസം മുമ്പും പയ്യന്നൂര്‍ പോലീസ് പൂനയിലെത്തി അന്വേഷണം നടത്തിയിരുന്നതായി പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബു പറഞ്ഞു.
റിജോയിയുടെ ഭാര്യയായിരുന്ന യുവതിയെ ചോദ്യം ചെയ്തതില്‍നിന്നും ഇയാള്‍ക്ക് ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്പര്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. എല്ലാം ഉപേക്ഷിച്ച് ഇയാള്‍ ആത്മീയ വഴിയിലേക്ക് തിരിഞ്ഞിരിക്കാനുള്ള സാധ്യതയിലേക്കാണ് പോലീസ് വിരല്‍ ചൂണ്ടുന്നത്. ഇവിടെനിന്നും പൂനയിലെത്തി കേസന്വേഷണം നടത്തുവാനുള്ള പരിമിതികളും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ റിജോയിയുടെ ഫോണ്‍ യുപിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് യുപിയിലെ മത്സ്യത്തൊഴിലാളിയുടെ കയ്യില്‍നിന്നും ഫോണ്‍ കണ്ടെത്തിയെങ്കിലും ഇയാള്‍ക്ക് ഫോണ്‍ നല്‍കിയത് ഇയാളുടെ മകനാണെന്ന് മനസിലായി.
മുംബൈയില്‍ ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളിയുടെ മകനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ റിജോയിയെ കാണാതായ സ്ഥലത്ത് വെച്ച് ഫോണ്‍ വീണുകിട്ടിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളെ കൂടുതലായി ചോദ്യം ചെയ്യാതിരുന്നതെന്തേ എന്ന ചോദ്യമുയരുന്നു. റിജോയി യാത്ര ചെയ്തിരുന്ന ടാക്സി കാറിന്റെ ഡ്രൈവറെ ഇതുവരേയും ചോദ്യം ചെയ്തിട്ടില്ല എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഏറ്റവും ഒടുവിലായി റിജോയിയുടെ ഫോണില്‍നിന്നും പോലീസിന്റെ അടിയന്തിര സഹായത്തിന് വേണ്ടിയുള്ള 100 എന്ന നമ്പറിലേക്കുള്ള വിളിയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പോലീസിന് ഇതേപറ്റി പറയാന്‍ ഒന്നുമില്ല. അപകടം മുന്നില്‍ കണ്ടിട്ടല്ലേ ഈ നമ്പറിലേക്ക് വിളിച്ചതെന്ന ചോദ്യത്തിനും ഉത്തരമില്ല.
റിജോയിയുടെ കയ്യിലുണ്ടായിരുന്ന ടാബ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി തെളിഞ്ഞിട്ടും ഇതാരാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യത്തിനും ഉത്തരമില്ല.
പൂനയില്‍ കാണാതായ മകന് എന്താണ് സംഭവിച്ചതെന്നറിയാതെ മനംനൊന്ത് കഴിയുകയാണ് കരിവെള്ളൂരിലെ കുടുംബം. മകനെ കണ്ടെത്താനുള്ള അലച്ചിലിലാണിപ്പോഴും ഈ പിതാവ്. പൂനയില്‍ താമസിച്ച് രസതന്ത്രത്തില്‍ ഗവേഷണം നടത്തുന്ന സഹോദരന് സിനോയിയും അനുജനെ തേടിയുള്ള നെട്ടോട്ടത്തിലാണ്. റിജോയി ഇപ്പോള്‍ എവിടെയുണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ ഉള്ള ചോദ്യത്തിന് മാത്രം എവിടെനിന്നും വ്യക്തമായ ഉത്തരമില്ല.