പയ്യന്നൂര്‍: പൂനെയിൽ കാണാതായ മകനെ കണ്ടെത്തണമെന്ന പിതാവിന്റെ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പിണറായി സ്വദേശിയും കരിവെള്ളൂര്‍ ആണൂരിലെ താമസക്കാരനുമായ പി.കെ.ജയരാജന്റെ (58) പരാതിയിലാണ് മകന് റിജോയിയെ(27) കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചത്.
തിരോധാനത്തിന് ശേഷമുള്ള റിജോയിയുടെ ഫോണ്‍കോളുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ച് വരികയാണ്.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടി പയ്യന്നൂര്‍ പോലീസ് ഈയാഴ്ച പൂനയിലേക്ക് പോകുമെന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ പറഞ്ഞു.
ഫിസിക്സ് ബിരുദധാരിയായ റിജോയി പൂനയിലെ ചാണക്യ അക്കാഡമിയില്‍ ഐഎഎസ് കോച്ചിംഗിലായിരുന്നു. ഭാര്യക്കൊപ്പമായിരുന്നു പൂനയില്‍ താമസിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. ഇതിനിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു.ഇതിനുശേഷം പൂനയിലുള്ള സഹോദരന് സിനോയിക്കൊപ്പമായിരുന്നു താമസം.അതിനിടയിലാണ് കഴിഞ്ഞ നവംബര്‍ 15 മുതല്‍ റിജോയിയെ കാണാതായത്.
പഠനചെലവിനായി പിതാവ് അയച്ച പണം പിന്‍വലിച്ചിരുന്നില്ല. സര്‍ട്ടിഫിക്കറ്റുകളും എടുത്തിരുന്നില്ല. ഇംഗ്ലീഷ്, മലയാളം,ഹിന്ദി എന്നീ ഭാഷകളറിയാവുന്ന റിജോയിടെ കയ്യില്‍ ഐഎഎസ് എന്ന് പച്ചകുത്തിയിട്ടുണ്ട്.മകനെ കാണാതായ വിവരമറിഞ്ഞ് പിതാവും മാതാവ് കാഞ്ചനയും മുട്ടാത്ത വാതിലുകളില്ല.
അഞ്ചു വര്‍ഷമായി പൂനയില്‍ താമസിച്ച് രസതന്ത്രത്തില്‍ ഗവേഷണം നടത്തുന്ന സഹോദരന് സിനോയിയും അനുജനെ തേടുകയാണ്. പൂനയിലെത്തി പോലീസുമായി പലവട്ടം ബന്ധപ്പെട്ടിട്ടും റിജോയിയെ കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
അവിടുത്തെ പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ആര്‍ജവം കാണിച്ചില്ലെന്നും പിതാവ് ജയരാജന്റെ പരാതിയുണ്ടായിരുന്നു.ഇതേത്തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് റിജോയിയെ കണ്ടെത്താന്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചിരിക്കുന്നത്.