സ്വന്തം ലേഖകൻ
തൃശൂർ: നാല്പതു വർഷംമുന്പു നഗരമധ്യത്തിൽ കാണാതായ റോഡ് സർവേയിൽ കണ്ടെത്തി. ഇരുപതുപേർ റോഡ് കൈയേറി പുരയിടത്തോടു ചേർത്ത റോഡ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സർവേയിലാണു കണ്ടെത്തിയത്.
റോഡ് വീണ്ടെടുക്കാൻ കൈയേറ്റഭൂമിയിൽ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. തൃശൂർ കിഴക്കേകോട്ടയിൽ സെലക്സ് മാളിനു സമീപത്തെ റോഡാണു കൈയേറി ഇരുപതോളം പേർ സ്വന്തമാക്കിയത്.
റോഡ് പുനഃസ്ഥാപിക്കാൻ സർവേ വകുപ്പ് അധികൃതർ സ്ഥലം അടയാളപ്പെടുത്തി നൽകിയെങ്കിലും സ്ഥലം വീണ്ടെടുത്ത് റോഡ് പുനഃസ്ഥാപിക്കാ ൻ തൃശൂർ കോർപറേഷൻ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 13 നു സർവേ നടപടികൾ പൂർത്തിയാക്കിയതാണ്.
എട്ടുമാസം കഴിഞ്ഞിട്ടും കോർപറേഷൻ റോഡ് തിരിച്ചുപിടിച്ചിട്ടില്ല.
ഇവിടത്തെ താമസക്കാരനായ ഒലക്കേങ്കിൽ ഫ്രാൻസിസിന്റെ പരാതിയിലാണ് സർവേ നടപടി.
റോഡു കൈയേറിയ ചിലർ ഇവിടെ ഷെഡ് കെട്ടി. ഒരു കൂട്ടർ വീട് റോഡിലേക്ക് ഇറക്കിപ്പണിതു. മറ്റൊരു കൂട്ടർ കക്കൂസും പണിതു. സർവേ പൂർത്തിയാക്കിയതോടെ ചിലർ കൈയേറ്റങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
നാല്പതു വർഷം മുന്പു നഗരമധ്യത്തിൽ കൈയേറ്റക്കാർ ഇല്ലാതാക്കിയ റോഡ് വീണ്ടെടുക്കാൻ ഫ്രാൻസിസ് വർഷങ്ങളായി പോരാട്ടത്തിലാണ്. നാലുവർഷം മുന്പ് കോർപറേഷൻ ഓഫീസിലും വില്ലേജ് ഓഫീസിലും സർവേ ഓഫീസിലും പരാതി നൽകിയിരുന്നു.
തിരുവനന്തപുരത്തെ ആർക്കിയോളജി വകുപ്പ് ഓഫീസിൽനിന്നു രേഖകൾ സംഘടിപ്പിച്ചാണ് ഫ്രാൻസിസ് നടപടികളുമായി മുന്നോട്ടുപോയത്.