അന്പലപ്പുഴ: മരിക്കുന്നതിനു മുന്പ് ഏക മകനെ കണ്ണുനിറയെ കാണാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അമ്മ നിരാശയോടെ ഈ ലോകം വിട്ടു.
തോട്ടപ്പള്ളി പൊരിയന്റെ പറന്പിൽ പരേതനായ കേശവന്റെ ഭാര്യ സേതു(85)വാണ് കാണാതായ ഏകമകൻ സജീവന്റെ വരവുംകാത്ത് മാസങ്ങളോളമായി മനംനൊന്ത് കഴിഞ്ഞിരുന്നത്.
എന്നാൽ പ്രതീക്ഷകൾ ബാക്കിയാക്കി ആ അമ്മ ഈ ലോകത്തോടു വിടപറഞ്ഞു. മകനെ കാണാതായിട്ട് ഒരു വർഷം ആകാനിരിക്കെയാണ് അമ്മയുടെ മരണം.
മത്സ്യത്തൊഴിലാളിയായിരുന്ന സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29 മുതലാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്.
സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സജീവനെ തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടത്തുന്നതിന്റെ തലേന്നാണ് കാണാതായത്. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സജീവന്റെ തിരോധാനം ആ സമയത്ത് ഏറെ വിവാദമായിരുന്നു.
കടലിൽ മത്സ്യബന്ധനത്തിനായി പോയ സജീവനെ ഭാര്യ സജിത വിളിച്ചുവരുത്തുകയായിരുന്നു. അടുത്തിടെ വാങ്ങിയ സ്ഥത്തിന്റെ ആധാരം ചെയ്യുന്നതിനുവേണ്ടിയാണ് മീൻ പിടിക്കാൻ പോയ സജീവനെ വിളിച്ചുവരുത്തിയതെന്നാണ് സജിത പറഞ്ഞത്.
എന്നാൽ കരയിലെത്തിയ സജീവനെ പിന്നീടാരും കണ്ടിട്ടില്ല. അന്പലപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും സജീവനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
രാവിലെ അമ്മയ്ക്ക് കട്ടൻ ചായ തിളപ്പിച്ച് നൽകിയശേഷം വള്ളത്തിൽ പോകുകയാണെന്ന് അമ്മയോടു പറഞ്ഞിട്ടാണ് യാത്രയാകുന്നത്. പിന്നീട് രാവിലെ ജോലിക്കായി പോയ ഏകമകനെ കാണാനില്ലെന്നാണ് അറിയുന്നത്.
അന്നുമുതൽ മകന്റെ വരവുംകാത്ത് വീട്ടുമുറ്റത്ത് നിറകണ്ണുകളോടെ കാത്തിരിക്കുകയായിരുന്നു ഈ പെറ്റമ്മ.സജീവനെ കാണാനില്ലെന്ന വിവരമറിഞ്ഞ് എത്തുന്നവരോടെല്ലാം തൊഴുകയ്യോടെ എന്റെ മകനെ കണ്ടോ എന്നായിരുന്നു അമ്മയുടെ ആദ്യ ചോദ്യം.
ഇരുകയ്യും കൂപ്പിയുള്ള പെറ്റമ്മയുടെ ചോദ്യത്തിന് മുന്നിൽ പതറാത്തവർ ആരും ഉണ്ടായിരുന്നില്ല. സജീവനെ കാണാതായത് മുതൽ വിറങ്ങലിക്കുന്ന മനസുമായി കഴിയുകയായിരുന്നു അമ്മ.
ആരോഗ്യസ്ഥിതി മോശമായതോടെ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടപ്പിലും തന്നെ കാണാനെത്തുന്നവർക്കിടയിൽ തന്റെ പൊന്നുമോനെ പരതിയിരുന്നു.
സജീവനെ കാണാതായിട്ട് ഇന്ന് 11 മാസം പൂർത്തിയാകുന്പോഴാണ് അമ്മ ഈ ലോകത്തോട് വിട പറയുന്നത്.