അന്പലപ്പുഴ: മത്സ്യ തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായിരുന്ന സജീവനെ കാണാതായിട്ട് ആറു മാസം.തോട്ടപ്പള്ളി പൊരിയന്റെ പറന്പിൽ കെ. സജീവിനെയാണ് കഴിഞ്ഞ സെപ്തംബർ 29 മുതൽ കാണാതായത്.
മത്സ്യബന്ധന ബോട്ടിൽ ജോലിക്ക് പോയ സജീവനെ ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തിയ സജീവൻ വീട്ടിൽ എത്തിയില്ല.
സജിതയുടെ കുടുംബ വീടായ പുത്തൻനടയിൽ നിന്നും ഓട്ടോയിൽ തോട്ടപ്പള്ളി ജംഗ്ഷനിൽ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാൽ സജിതയുടെ വീട്ടിൽ ചെന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വീട്ടിൽ നിന്നും പുറപ്പെടുന്പോൾ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയിൽ വന്നിറങ്ങുന്പോൾ അണിഞ്ഞിരുന്നത്. പുത്തൻനടയിൽ നിന്നും സജീവന് വസ്ത്രം നൽകിയത് ആരാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
തോട്ടപ്പള്ളി പൂത്തോപ്പ് സി പി എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ചംഗമായ സജീവനെ കാണാതായത്. വി എസ് പക്ഷക്കാരനായിരുന്ന സജീവനെ വിഭാഗീതയുടെ പേരിൽ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾ പറയുന്നത്.
സജീവന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിരുന്നു.
മത്സ്യത്തൊഴിലാളി കൂടിയായ സജീവൻ ഒഴുക്കിൽപ്പെട്ടതാകാമെന്ന പോലീസിന്റെ വിശദീകരണം ബന്ധുക്കളടക്കം ആരും വിശ്വസിച്ചിട്ടില്ല.
അന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്പലപ്പുഴ പോലീസ് ഈ വിശദീകരണം നൽകിയത്. ഈ മറുപടിയോടെ വിവാദമായ കേസന്വേഷണം പോലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്.എങ്കിലും സജീവൻ എവിടെയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.