അമ്പലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ കാണാതായ സി.പി.എം ബ്രാഞ്ച് അംഗത്തെ കുറിച്ചുള്ള അന്വേഷണം തുടരുന്നു. മൽസ്യ തൊഴിലാളിയായ തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവ(57) നെ കുറിച്ചുള്ള അന്വേഷണമാണ് അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മലപ്പുറം താനൂരിൽ കടൽതീരത്ത് കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമവും നടത്തി. മഞ്ചേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സജീവന്റേതല്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി 9 ഓടെ ഇവർ ഇവിടെ എത്തിയാണ് മൃതദേഹം സജീവന്റേതല്ലെന്ന് തിരിച്ചറിഞ്ഞത്.
ബ്രാഞ്ച് സമ്മേളനത്തിനു മുന്‍പ്
കഴിഞ്ഞ 29 നാണ് അമ്പലപ്പുഴ പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പൊരിയെൻറ പറമ്പിൽ സജീവനെ കാണാതായത്. പാർട്ടിയിൽ വിഭാഗീയത കത്തിനിൽക്കുന്ന അമ്പലപ്പുഴ മേഖലയിൽ നിന്ന് ഇയാളെ കാണാതായതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
കണ്ടെത്തൽ ശ്രമങ്ങൾ ഊർജ്ജതമല്ലെന്ന പേരിൽ അണികൾക്കിടയിലും അമർഷം പുകയുന്നതിനിടെയാണ് അജ്ഞാത മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണവും നടത്തിയത്.ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ സജിത അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തോട്ടപ്പള്ളി പൂത്തോപ്പ് സി പി എം ബ്രാഞ്ച് അംഗമായിരുന്ന സജീവനെ കാണാതായത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. ബ്രാഞ്ച് സമ്മേളനം തൊട്ടടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചിരുന്നു. മ
ത്സ്യത്തൊഴിലാളിയായ ഇദ്ദേഹം കാണാതാകുന്ന ദിവസം തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു.
സജിയുടെ ഭാര്യ വിളിച്ചതിനെ തുടര്‍ന്ന് കാരിയര്‍ വള്ളത്തില്‍ തിരികെ ഹാര്‍ബറിലെത്തി. പിന്നീട് ഭാര്യയുടെ കുടുംബ വീടായ പുത്തന്‍നടയില്‍ നിന്നും സജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്.എന്നാല്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് ഭാര്യ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
ആധാരം രജിസ്ട്രേഷൻ
മത്സ്യബന്ധനത്തിന് പോയ സജീവനെ ഭാര്യയാണ് തിരിച്ച് വിളിച്ചത്.വീടിന് സമീപം 5 സെന്റ് താഴ്ചപ്പുരയിടം സജീവന് കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. ഇതിന്റെ ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനായി 29 ന് അമ്പലപ്പുഴയിലെ റെജിസ്റ്റര്‍ ഓഫീസില്‍ പോകാമെന്ന് നിശ്ചയിച്ചിരുന്നതാണ്.
എന്നാല്‍ ബോട്ടില്‍ ജോലിക്ക് പോയതറിഞ്ഞാണ് സജീവിനെ ഭാര്യ തിരികെ വിളിച്ചത്. തിരികെ എത്തിയ സജീവന് പുത്തന്‍നടയിലെ ഭാര്യയുടെയൊ ബന്ധുക്കളുടെയൊ വീട്ടില്‍ എത്തിയിരുന്നില്ലെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പലരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു ഇത് പിന്നീട് പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയായി മാറുകയായിരുന്നു.
എന്നാല്‍ സി പി എം നേതാവിന്റെ തിരോധാനത്തില്‍ നേതൃത്വം മൗനം പാലിക്കുകയാണെന്ന ആക്ഷേപം അണികള്‍ക്കിടയില്‍ ശക്തമാകുകയാണ്.
സജീവനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും സ്വന്തം പാർട്ടികാർക്കോ മറ്റുള്ളവർക്കൊ ഒരു ആക്ഷൻ കൗൺസിൽ പോലും വിളിച്ചു കൂട്ടാൻ കഴിഞ്ഞിട്ടില്ല ഇതെല്ലാം നാട്ടുകാർക്കിടയിൽ വലിയ സംശയങ്ങൾക്ക് ഇട നൽകിയിരിക്കുകയാണ്.
ആകെ പ്രധിഷേധം ഉയരുന്നത് ആരെ എങ്കിലും ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ പോലീസിന് എതിരെയാണ് പ്രതിഷേധം, പോലീസും ആശയകുഴപ്പത്തിലാണ്.