കാഞ്ഞങ്ങാട്: പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരിയെ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ബന്ധുക്കളിലേയ്ക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി നാട്ടുകാരിൽ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു.
പാണത്തൂർ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദന്പതികളുടെ മകൾ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്. കുട്ടി വീടിന് മുന്നിലെ ഓവുചാലിൽ വീണ് ഒഴുക്കിൽപെട്ടതാണെന്ന സംശയത്തെതുടർന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിൽ നിർത്തിവച്ചു.
കുട്ടി ഒഴുക്കിൽപെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തു നിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.
കുറച്ചുനാളുകളായി പ്രദേശത്തു തന്പടിച്ചിരുന്ന നാടോടി സംഘത്തെ കാണാതായതായെന്ന നാട്ടുകാരുടെ പരാതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കുട്ടിയുടെ തിരോധാനത്തിലെ ദുരൂഹത സംബന്ധിച്ചു വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണു കേസന്വേഷിക്കുന്ന രാജപുരം പോലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെ നീലേശ്വരം തീരദേശ പോലീസ് ഗാർഡുമാരായ സൈഫുദീൻ, ചന്ദ്രൻ വെള്ളൂർ, പി.നിധിൻ, പി.ജംഷീദ് എന്നിവരുടെ നേതൃത്വത്തിൽ പാണത്തൂർ മുതൽ ബളാംതോടു വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, ഹൊസ്ദുർഗ് ഡിവൈഎസ്പി കെ.ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.