മൂവാറ്റുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ പെരിങ്ങഴ ആശാരിപറന്പിൽ കരുണാകരന്റെ ഭാര്യ സരസ്വതിയെ (65) കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. സരസ്വതിയെക്കുറിച്ചുള്ള ഓർമകളുമായി തന്റെ കൊച്ചു കൂരയിൽ ഒറ്റയ്ക്ക് കഴിയുകയാണ് കരുണാകരൻ.
ജൂണ്‍ 22ന് രാവിലെ 11.30ഓടെ വീടിനു സമീപത്തെ മഠത്തിച്ചാലിൽ കടവിൽ കുളിക്കാൻ പോയതായിരുന്നു സരസ്വതി. റവന്യൂ ഉദ്യോഗസ്ഥരും മൂവാറ്റുപുഴ ഫയർ ഓഫീസർ ജോണ്‍ ജി.പ്ലാക്കലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സിന്റെ സ്ക്യൂബ ടീമും ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാലവർഷത്തെത്തുടർന്നു പുഴയിൽ വെള്ളമുയർന്നതും ഒഴുക്കു കൃമാതീതമായി വർധിച്ചതും തെരച്ചിലിന് തടസമാകുകയായിരുന്നു. കൂലിപ്പണിക്കാരനായ കരുണാകരനും സരസ്വതിയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകൾ നേരത്തെ മരിച്ചിരുന്നു.
സരസ്വതിയെക്കുറിച്ചുള്ള അന്വേഷണം തുടർന്നും നടത്തണമെന്നും കുടുംബത്തിന് അടിയന്തിര സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എൽദോ ഏബ്രഹാം എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ കരുണാകരന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
പോലീസ് എഫ്ഐആറും ആർഡിഒ, തഹസീൽദാർ എന്നിവർ തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സർക്കാർ സഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയ്ക്കും റവന്യു മന്ത്രിയ്ക്കും നിവേദനം സമർപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം ചിന്നമ്മ ഷൈൻ, സിബി കുര്യാക്കോ, സാബു ചാലിൽ, ആർഡിഒ എം.ടി. അനിൽകുമാർ, തഹസീൽദാർ മദുസൂധനൻ, വില്ലേജ് ഓഫീസർ സുഭാഷ് എന്നിവരുമുണ്ടായിരുന്നു.