തൃശൂർ: ഷൊർണൂരിൽ നിന്ന് കായംകുളത്തേക്കുള്ള യാത്രക്കിടയിൽ തൃശൂരിലെത്തിയ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. പോലീസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും ഇതുവരെ വിദ്യാർഥിയെ കണ്ടെത്താനായിട്ടില്ല. വിദ്യാർഥിയെ കാണാതായതിൽ ദുരൂഹത വർധിക്കുകയാണ്.
കൊല്ലം ജില്ലയിലെ പത്തനാപുരം കടയ്ക്കാമണ് സ്വദേശി പാണുവേലിൽ വീട്ടിൽ സാബു ജോസഫിന്റെ മകൻ സെറിൽ സാബു(22)വിനെയാണ് കഴിഞ്ഞ 19 മുതൽ കാണാതായത്. തൃശൂർ പാന്പാടി നെഹ്റു കോളജിലെ മൂന്നാം വർഷ മെക്കട്രോണിക്സ് വിദ്യാർഥിയാണ്.
പരീക്ഷ കഴിഞ്ഞ് രാത്രി ഷൊർണൂരിൽ നിന്ന് കായംകുളത്തേക്ക് ട്രെയിനിൽ കയറിയതാണ്. ട്രെയിൻ കയറുന്നതിനുമുന്പും പിന്നീട് തൃശൂരിലെത്തിയപ്പോഴും വീട്ടിലേക്ക് വിളിച്ച് രാത്രി പത്തിന് എത്തുമെന്ന വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ തൃശൂരിൽ നിന്ന് പിന്നീട് എങ്ങോട്ടു പോയെന്ന് ഒരു വിവരവുമില്ല. രാത്രി പത്തായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ഫോണ് വിളിച്ചപ്പോൾ സ്വിച്ചോഫ് ആയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ വച്ചാണ് ഫോണ് സ്വിച്ചോഫ് ആയത്.പിന്നീട് വിദ്യാർഥിയെക്കുറിച്ച് ഒരു വിവരവുമില്ല. പരാതി ലഭിച്ചതിനെ തുടർന്ന് തൃശൂരിലെ റെയിൽവേ പോലീസും കേരള പോലീസും വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റെയിൽവേ സ്റ്റേഷന്റെ പരിസരത്തും ട്രാക്കുകളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതുവരെയായിട്ടും ഒരു തുന്പും കിട്ടാത്തതിൽ ദുരൂഹതയേറുകയാണ്.
ഇതിനിടെ വിദ്യാർഥി തൃശൂരിൽ നിന്ന് വീണ്ടും ഷൊർണൂരിലേക്ക് പോയതായും സൂചനയുണ്ട്. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. മയക്കുമരുന്നു മാഫിയകളും മറ്റു ഗുണ്ടാ സംഘങ്ങളും യുവാക്കളെയും തട്ടിയെടുക്കുന്നുവെന്ന് സൂചനുണ്ട്.
മയക്കുമരുന്ന് കടത്താൻ യുവാക്കളെ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോകുന്ന സംഘം തൃശൂരിലും വിലസുന്നുണ്ടോയെന്നാണ് സംശയിക്കുന്നത്. സെറിലിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കോളജിലുമൊക്കെ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പരീക്ഷയിൽ തോറ്റതിനാൽ നാടുവിട്ടതാണോയെന്നും സംശയമുണ്ട്. എന്നാൽ വീട്ടിലേക്ക് വരികയാണെന്നു രണ്ടു തവണ വിളിച്ചു പറഞ്ഞിട്ട് പിന്നീട് കാണാതായതിലാണ് ദുരൂഹതയേറുന്നത്.