പന്തളം: ജോലിക്കായി ഡൽഹിക്കു പോയ യുവാവിനെ ഒന്പത് വർഷത്തിനു ശേഷം കണ്ടെത്തി. പന്തളം മുടിയൂർക്കോണം ഷൈൻ ഭവനിൽ പരേതനായ കുഞ്ഞുമോന്റെയും ഭാർഗവിയുടെയും മകൻ ഷൈജു(വിഷ്ണു 29)വിനെയാണ് ഡൽഹിക്കു സമീപം ഗാസിയാബാദ് നോയിഡ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും കണ്ടെത്തിയത്.
2010 നവംബറിലാണ് അയൽവാസിക്കൊപ്പം ജോലിക്കായി ഇയാൾ പോയത്. കുറെ നാൾ ഇയാൾ കമ്പനികൾ മാറി മാറി ജോലി ചെയ്തിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിലേക്കു ഫോൺ ചെയ്യുമായിരുന്നു. എന്നാൽ രണ്ടു വർഷമായി ഒരു വിവരവും ഇല്ലാതായതോടെ വീട്ടുകാർ പന്തളം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഇയാളോടൊപ്പം പണി ചെയ്തിരുന്ന യുപി സ്വദേശികളിൽ നിന്നു ലഭിച്ച സൂചനകളനുസരിച്ചാണ് ഇയാളെ കണ്ടെത്തിയത്. പന്തളം എസ്എച്ച്ഒ ബിജു, എസ്ഐ ശ്രീജിത്, സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ സി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.