കോട്ടയം: കാണാതായ കോളജ് അധ്യാപകനെക്കുറിച്ചുള്ള അന്വേഷണം മുറുകുന്നതിനിടെ ഇദേഹം അടിമാലിയിലെ എടിഎം കൗണ്ടറിൽനിന്ന് പണം പിവലിച്ച വിവരമറിഞ്ഞ് പോലീസ് അവിടേക്ക് പോയി. ഈസ്റ്റ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ മൂന്നാറിൽ താമസിച്ച് അന്വേഷണം നടത്തി വരികയാണ്.
ഇന്നലെ രാവിലെയാണ് എടിഎമ്മിൽനിന്ന് പണം പിൻവലിച്ചത്. ചെറിയ തുകയേയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. അടിമാലി, മൂന്നാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസേലിയസ് കോളജ് അധ്യാപകൻ നട്ടാശേരി പതിക്കവേലിൽ ശരത് പി നാഥിനെ (31)യാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഭാര്യ നല്കിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.
ബസേലിയസ് കോളജിലെ ഹിന്ദി അധ്യാപകനാണ് ശരത് പി നാഥ്. വ്യാഴാഴ്ച കോളജിലേക്ക് പോയ ഇദേഹം രാത്രിയായിട്ടും തിരികെ വീട്ടിൽ എത്തിയില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം കോളജിൽ നിന്ന് മടങ്ങിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
രാത്രിയിലെ അന്വേഷണങ്ങൾക്കു ശേഷം ഇന്നലെ രാവിലെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നല്കിയത്. ആദ്യം പോലീസ് ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. അധ്യാപകന്റെ മൊബൈൽ ഫോണ് ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.