കോഴിക്കോട് : കവര്‍ച്ച, മോഷണം, മയക്കുമരുന്നു വില്‍പ്പന തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ ചുമത്തിയ പെരിങ്ങളം സ്വദേശി ഷിജു (ടിങ്കു29)വിനെ കാൺമാനില്ലെന്ന് പരാതി. അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ടിങ്കുവിനെ കാണാതായതെന്ന സംശയത്തിലാണ് കുന്നമംഗലം പോലീസ്.
വിദേശത്തു നിന്നും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ടാണ് ടിങ്കുവിനെ കാസര്‍ഗോഡുള്ള കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെ ക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
വിദേശത്തു നിന്നും സ്വര്‍ണം കൊണ്ടുവന്ന കാരിയറും ടിങ്കുവും യഥാർഥ ഉടമസ്ഥന് നല്‍കാതെ മുക്കുകയായിരുന്നെന്ന് പറയുന്നു. കാരിയര്‍ കാസര്‍ഗോഡുള്ള ഉടമസ്ഥനെ കണ്ട് സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തുവെന്നുംതന്റെ കൈയിലില്ലെന്നും അറിയിച്ചത്രെ. എന്നാല്‍ കാരിയര്‍ പറഞ്ഞ കഥ വിശ്വസിക്കാന്‍ ഉടമസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് കാരിയറെ ഇവര്‍ മര്‍ദിക്കുകയും സത്യം പുറത്താവുകയുമായിരുന്നു.
ടിങ്കുവിന്റെ കൈവശം സ്വര്‍ണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത് . അതേസമയംകോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 23 കേസുകളിലെ പ്രതിയാണ് ടിങ്കു. കാപ്പ നിയമപ്രകാരം ജയിലായിരുന്ന പ്രതി ജയില്‍ മോചിതനായ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ആദ്യം വീണ്ടും കാപ്പചുമത്തി ജയിലലടച്ചു. പുറത്തിറിങ്ങിയ ശേഷമാണ് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ അഞ്ചു കിലോ കഞ്ചാവുമായി ടിങ്കുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം 10 കിലോ കഞ്ചാവുമായി ഫറോക്ക് പോലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങളത്ത് മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കേസിലും കാരന്തൂരിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും കോവൂര്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചു പണം കവര്‍ന്ന കേസിലും ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.